Sunday, 30 December 2012

മരിച്ചിട്ടും മരിക്കാതെയിവൾ


ഞാനെത്രാമത്തവളാണ്??
ഇവിടെയിങ്ങനെ വെറുമൊരു ഉടൽ മാത്രമായി
വലിച്ചിഴച്ച് കൊണ്ടിടപ്പെട്ടവരിൽ
എത്രാമത്തവളായിരിക്കും ഞാൻ?

നിറമുള്ള കുപ്പായങ്ങളൂരിയെറിഞ്ഞ്
വിറങ്ങലിച്ചിവിടെ കിടക്കുന്നുണ്ടെന്റെയുടൽ
കാഴ്ച്ചക്കളിലേക്ക്
 പൊടുന്നനെ വന്നു വീണ്
പരക്കുന്ന മഞ്ഞിന്റെ
നരച്ചുറഞ്ഞ നിസ്സംഗത പോലെ.

ചുറ്റിലും
ഓരോ അമ്മയുടെ നെഞ്ചിലും
ചിരി മറന്നൊരു മകൾ
അന്തം വിട്ടിരിക്കുന്നുണ്ട്.
ഓരോ മുഖങ്ങളിലും
ഒഴുക്കിക്കളയാൻ കണ്ണീരില്ലാതെ
അള്ളിപ്പിടിച്ചിരിക്കുകയാണ്
ചത്തുമലച്ച നിശ്ചലത.

ഒടുവിൽ
എല്ലാമൊരുപിടി ചാരമാകുമെന്ന്
കത്തിപ്പടർന്നു തുടങ്ങുന്നുണ്ട്
 ഒരു ചിത.
ഓർമ്മകളിൽ നിന്ന്
ജീർണ്ണഗന്ധങ്ങളൂറ്റിയെടുക്കണമെന്ന്
കൂട്ടിയിട്ട ചന്ദനമുട്ടികൾ.
ദഹിച്ചു തീരണ്ടയെനിക്കെന്ന
മരണം വിഴുങ്ങിയ മുറവിളികൾക്കു മീതെ
 ആളിത്തുടങ്ങുന്നുണ്ട് തീനാളങ്ങൾ
എങ്ങനെയില്ലാതാക്കാനാണീ
നെയ്തുകൂട്ടിയ സ്വപ്നങ്ങളെ?
എത്ര കനലുകൾ കോരിയിട്ടാലാണ്
കത്തിക്കാനാവുക,
ഓരോ അണുവിലൂടെയും തുളഞ്ഞുകയറിയ ,
പ്രാകി പ്രാകി പുകഞ്ഞു നാറുന്ന,
വേദനയുടെ പിടച്ചിലുകളെ.

ഞാനെത്രാമത്തവളാണ്??
ഉടലിന്റെ കനമില്ലായിരുന്നെങ്കിൽ
നെയ്തുകൂട്ടിയ സ്വപ്നങ്ങളിലെന്നും
പറന്നു നടക്കാമായിരുന്നെന്ന്,
അവസാന ശ്വാസത്തിലൂടെയും
ജീവിതത്തിലേക്ക്
വലിഞ്ഞുകയറാൻ ശ്രമിച്ചവരിൽ
എത്രാമത്തവളായിരിക്കും ഞാൻ??

Tuesday, 25 December 2012

എന്റെ മരണങ്ങൾ.ഇരുട്ട് എനിക്കു ചുറ്റും വലവീശിയിട്ടിരുന്നില്ല ,
ആ കഴുകൻ കണ്ണുകളിലേക്ക്,
ഒരിരയായി ഞാൻ ചെന്നു വീഴുന്ന നേരത്ത്.

ആൾത്തിരക്കില്ലാത്ത കുറുക്കുവഴികൾ
പെണ്ണിനു തനിയെ നടക്കാനുള്ളതല്ലെന്ന്,
തിരക്കിട്ടു ഇതിലേയിറങ്ങുമ്പോൾ
ഓർക്കാഞ്ഞിട്ടല്ല.
അതും നട്ടുച്ച നേരത്ത് ,
ഈ വഴിയിങ്ങനെ വെയിലുകുടിച്ച് മത്തടിച്ചു,
മലർന്നടിച്ചു കിടക്കുന്ന നേരത്ത്.
പരിചയമുള്ള വഴിയല്ലെ.
ഒരു നൂറു തവണ നടന്നതല്ലെ ഇതിലെ.
കൂട്ടുകാർക്കൊപ്പം ബഹളം കൂട്ടിയിതിലെ
കടന്നു പോവുമ്പോഴെല്ലാം,
വിശേഷങ്ങൾക്കൊപ്പം ചിരിച്ചുമറിഞ്ഞ്
ഞങ്ങളെ ഓടി തോൽപ്പിക്കാറുണ്ടായിരുന്ന വഴിയല്ലെ.
എന്നിട്ട്,
ഇന്നിതാ എന്റെ നടത്തത്തെ പിന്നോട്ടാഞ്ഞു വലിച്ച്
ഒരു പെണ്ണങ്ങനെയിതിലെ ഒറ്റക്കു നടക്കണ്ട
എന്നൊരു വഷളൻ ചിരിയുമായി
കള്ളമയക്കം നടിക്കുന്നു ഈ വഴി.

 അക്ഷമയുടെ പടപടപ്പുമായി
 തൊട്ടുപിന്നിൽ കാലടിയൊച്ചകൾ.
മിന്നൽപ്പിണരു പോലെയൊരു
ഭയമായിരുന്നാദ്യം ഉടലിലൂടെ പാഞ്ഞു പോയത്.
ഒരു കുതിപ്പിനു അക്കരെയെത്തണമെന്ന് വിറപൂണ്ടു മനസ്സ്.

എന്തൊരു കനമാണെനിക്ക്!
എന്നെയുമെടുത്തെനിക്കോടാനാവാതെ,
തളർന്നു കുത്തിയിരിക്കുമ്പോൾ
പിന്നിലും തക്കം പാർത്ത് കാലടികളുടെ കിതപ്പ്.
ഇരയുടെ മേൽ ചാടിവീഴാനുള്ള വേട്ടനായ്ക്കളുടെ മുറുമുറുപ്പ്.

ഉച്ചക്ക് വാരിവലിച്ചു തിന്നതൊക്കെ
ഇളക്കിമറിച്ചു പുറത്തേക്കിടുത്തിട്ടു,
പുളിച്ചുനാറുന്ന വിയർപ്പുഗന്ധങ്ങൾ.
അറപ്പ്.

ഉടുവസ്ത്രം അഴിച്ചെറിയും പോലെ
എന്റെയീ ഉടലിനെയെടുത്ത്
ഇവറ്റകൾക്കെറിഞ്ഞിട്ടു കൊടുക്കണം.
ഈ വഴിയിലൂടെ വലിച്ചിഴച്ച്
കടിച്ചുപറിച്ചു രമിക്കട്ടെയിവറ്റകൾ.
പിന്നെ വേണ്ടിടത്തേക്കൊക്കെ
വേണ്ടപ്പോഴൊക്കെ ഓടിക്കയറുമ്പോൾ
എന്നെ പിടിച്ചുവലിച്ചിടാൻ
ഏതു വഴിക്കാണാവുക!
ആർത്തുവന്നു ഒരു ചിരി.

വീണ്ടുമുടലിലേക്ക്
പാഞ്ഞുകയറിയ ഭയവുമായി,
ആളനക്കത്തിലേക്ക് ഉണർന്ന
വഴിയിലൂടെ എന്നെയുമെടുത്തോടി,
 മറുകരയെത്തുമ്പോഴേക്ക്
കിതപ്പിനിടയിലും
ഉള്ളിൽ
ഒരിക്കൽ കൂടി ഞാനെന്നെ കൊന്നിട്ടിരുന്നു.
ഇനിയുമിങ്ങനെ
എത്ര മരണങ്ങളിലൂടെ ഭയന്നോടിക്കടന്നിട്ടു വേണം
 ജീവിതത്തിലേക്ക് എനിക്കൊന്ന് നടന്നു കയറാൻ!

Monday, 17 December 2012

നിന്റെ കവിതകൾ
നിനക്ക് മാത്രം എഴുതാനാവുന്ന
ചില കവിതകളുണ്ട്.

ആളനക്കമൊഴിഞ്ഞ്, മുറികളിൽ
പകൽ കനക്കുമ്പോൾ,
നിന്റെ മാത്രമായ ഇത്തിരിമുറിയുടെ
ജനൽപ്പാളികൾ മലർക്കെ തുറന്നുവെച്ച്,
ഉള്ള് നിറയ്ക്കും വരെ
വെളിച്ചമാവോളം കോരിക്കോരിക്കുടിച്ച്,
നീയെഴുതുന്നവ.
ജനൽപ്പുറത്ത്, നിന്നെമാത്രം കാത്ത്,
വെയിൽ നനഞ്ഞ
ഒരായിരം സ്നേഹപ്പച്ചകൾ!

വാക്കുകൾ കുടഞ്ഞിട്ട്,
അതിൽ നിന്ന് നിന്നെ തിരഞ്ഞുതിരഞ്ഞെടുത്ത്,
വെട്ടിയും തിരുത്തിയും മാറ്റിയും മറിച്ചും വെച്ച്,
പയ്യെ പയ്യെ നീയത് ചൊല്ലിത്തുടങ്ങുമ്പോഴേയ്ക്കും,
നേർത്ത പുഞ്ചിരിയുമായി,
അറിയാതെ കണ്ണുതുറന്നുപോയിട്ടുണ്ടാകും
വിരിയാതെ നിന്ന പൂമൊട്ടുകൾ.

ഒടുവിൽ വാക്കുകളൊഴിഞ്ഞ്,
നീയില്ലാതെയാവും വരെ-
വരികളിലിത്തിരി പൂമണം പൂശി,
കവിളിലുരുമ്മി,
നിന്നെത്തന്നെ ചുറ്റിപ്പറ്റി,
പോകാതെ ചേർന്നു നിൽക്കും
ഒരു കുഞ്ഞിളം കാറ്റ്.

വീണ്ടും
പകലിടങ്ങളിലെ തിരക്കു നിറഞ്ഞ
ദിനസരികളിൽ നിന്ന്
നീ നിന്നെ കണ്ടെടുക്കുമ്പോൾ,
ചേർന്നടയാതെ നിന്ന ജനൽപ്പാളിയിലെ
ഇത്തിരിക്കീറിലൂടെ
സ്നേഹപ്പച്ചകൾ,
കാത്തിരിപ്പിന്റെ നോട്ടങ്ങൾ
നീട്ടുന്നുണ്ടാവും.
വാക്കുകളിൽ കൊരുത്ത്,
നീയെറിഞ്ഞിട്ടുപോയ, നിന്നെ
തിരഞ്ഞു തിരഞ്ഞ്
വെയിൽ കിതച്ചു തുടങ്ങിയിരിക്കും.


Monday, 13 August 2012

തരിപ്പായസം


നോമ്പ് തുറയെ പറ്റി ഓർക്കുമ്പോൾ ആദ്യം മനസ്സിലെത്തുന്നത് തരിക്കഞ്ഞിയുടെ സ്വാദാണ്. സ്വാദിനു ഒട്ടും ചേരാത്ത പേരാണ് തരിക്കഞ്ഞി എന്നത്.  കാരണം തരിക്കഞ്ഞിയൊരു കഞ്ഞിയല്ല.മധുരവും പാലുമൊക്കെ ചേർത്തുണ്ടാക്കുന്ന  സ്വാദുള്ള ഈ വിഭവത്തെ ഒരു എളുപ്പപ്പായസം എന്ന് വേണമെങ്കിൽ പറയാം.

ഈ എളുപ്പപ്പായസം ഉണ്ടാക്കാനറിയാത്ത വല്ലവരുമുണ്ടെങ്കിൽ ഇതാ കേട്ടോളു ഉണ്ടാക്കുന്ന വിധം:
വേണ്ടത്
റവ:മൂന്ന് ടേബിൾ സ്പൂൺ,
 പാൽ: രണ്ട് കപ്പ്,
 വെള്ളം: രണ്ട് കപ്പ്,
പഞ്ചസാര: മൂന്ന് ടേബിൾ സ്പൂൺ,
ഉപ്പ് ഒരു നുള്ള്,
 രണ്ട് ചെറിയ ഉള്ളി, അത് മൂപ്പിക്കാൻ കുറച്ച് നെയ്യ്,
രണ്ട് മൂന്ന് ഏലക്കയുടെ കുരു നന്നായി പൊടിച്ചത്,
 നാലഞ്ച് ബദാം കുതിർത്തിയത്.
ഇത്രയും സാധനങ്ങൾ എടുത്ത് വെച്ചുകഴിഞ്ഞാൽ നമുക്ക് തരിക്കഞ്ഞിയുണ്ടാക്കാം.
ആദ്യം പാലും വെള്ളവും പഞ്ചസാരയും ചേർത്ത് തിളപ്പിക്കുക.ചുവടു കട്ടിയുള്ള മറ്റൊരു പാത്രം അടുപ്പത്ത് വെച്ച് ചൂടാകുമ്പോൾ അതിലേക്ക് റവ ചേർത്ത് നന്നായി വറക്കുക. അതിലേക്ക് തിളപ്പിച്ചു വെച്ചിരിക്കുന്ന പാൽക്കൂട്ട് ഒഴിച്ചിളക്കുക.ഒരു നുള്ള് ഉപ്പ് ചേർത്ത് ചെറുതീയിൽ വെച്ച് അഞ്ച് മിനിറ്റോളം തിളപ്പിക്കുക. കട്ട കെട്ടാതെ ഇളക്കിക്കൊണ്ടിരിക്കണം.കട്ടി കൂടുന്നതായി തോന്നുകയാണെങ്കിൽ ആവശ്യത്തിനു ചൂടുവെള്ളമോ പാലോ ചേർക്കാം. എലക്കാ പൊടി ചേർത്ത് ഇളക്കി അടുപ്പിൽ നിന്നിറക്കി വെക്കുക. മധുരം കൂടുതൽ വേണ്ടവർക്ക് കുറച്ചുകൂടി പഞ്ചസാര ചേർക്കാം. ഇറക്കിയതിനു ശേഷവും ഇളക്കിക്കൊണ്ടിരുന്നാൽ പാട വരാതിരിക്കും.
ഇനി ചെറിയ ഉള്ളി വളരെ ചെറുതായി അരിഞ്ഞത് നെയ്യിൽ മൂപ്പിച്ചതും, ബദാം കുതിർത്തിയത് തൊലി കളഞ്ഞ് ചെറുതായി അരിഞ്ഞതും ഇതിലേക്ക് ചേർത്തുകഴിഞ്ഞാൽ നമ്മുടെ തരിക്കഞ്ഞി റെഡി.[ ബദാമിനു പകരം അണ്ടിപ്പരിപ്പും മുന്തിരിയും നെയ്യിൽ വറുത്തതും ചേർക്കാം.]

നോമ്പ് തുറക്കുന്ന സമയത്തെ വിഭവങ്ങളിൽ പ്രധാനിയാണ് തരിക്കഞ്ഞി. വേഗം ദഹിക്കും എന്നുള്ളതിനാൽ ശരീരത്തിനു ആവശ്യമായ ഊർജം നൽകി നോമ്പെടുത്ത ക്ഷീണമൊക്കെ പെട്ടെന്ന് തന്നെ പമ്പ കടത്തും  എന്നത് തന്നെ അതിന്റെ പ്രധാന കാരണം.നോമ്പില്ലെങ്കിലും   പായസമെന്ന് പറഞ്ഞ്, കുട്ടികൾക്ക്  ഇടക്ക് ഉണ്ടാക്കിക്കൊടുക്കാം ഇത്തിരി നേരം കൊണ്ടുണ്ടാക്കാവുന്ന ഈ തരിപ്പായസം.

Wednesday, 13 June 2012

വിഷാദഗീതികളുടെ പെരുമഴകൾ


എന്നാണ് മെഹദി ഹസനെ ആദ്യമായി കേട്ടത്!
ഒഴുകിയിറങ്ങിയ വാക്കുകളിൽ നിറയെ പ്രണയവും വിരഹവും കാത്തിരിപ്പും വിഷാദവുമൊക്കെയാണെന്നറിഞ്ഞു.
അർത്ഥമൊട്ടുമറിയാഞ്ഞിട്ടുകൂടി.

ആഴങ്ങളിലേക്കാണ്ടിറങ്ങി ഉള്ളിൽ തൊട്ടത് ഭാവതീവ്രമായ ആ ആലാപനം മാത്രം..
ഇടക്കെപ്പഴൊക്കെയോ പാടിക്കൊണ്ടിരുന്ന ചില കവിതകളുടെ വരികൾക്കിടയിലെ വാക്കുകളിൽ നിറയുന്ന ദു:ഖത്തിന്റെ കടലാഴങ്ങൾ വായിച്ചറിഞ്ഞ് വിസ്മയപ്പെട്ടെങ്കിലും... ..

വീണ്ടും മെഹ്ദി ഹസൻ പാടിത്തുടങ്ങുമ്പോൾ അതിൽ നിന്നെല്ലാം മനസ്സൊഴിഞ്ഞ് ആ മാന്ത്രികശബ്ദം മാത്രം ഉള്ളിൽ നിറഞ്ഞു. അതിലെ മാസ്മരികത   കരളിൽ അള്ളിപ്പിടിക്കുമ്പോൾ അവയിലലിഞ്ഞുകിടന്ന വാക്കുകളും അവയുടെ അർത്ഥതലങ്ങളും ഒന്നും എന്നിലേക്കെവിടേക്കുമെത്തിയതേയില്ല..മെഹ്ദി ഹസൻ പാടിക്കൊണ്ടേയിരിക്കുന്നു...
എന്റെ നിശ്ശബ്ദരാവുകളിലേക്ക് പെയ്തുവീഴുന്ന വിഷാദഗീതികളുടെ പെരുമഴകളായി..
ഓരോ സിരകളിലൂടെയും ഒഴുകിയിറങ്ങി ഭാവസാന്ദ്രമായ മറ്റേതോ തീരങ്ങളിലേക്കെന്നെ കൊണ്ടുചെന്നെത്തിക്കുന്ന നീരൊഴുക്കുകളായി..
എന്നെ വിഷാദത്തിന്റെ, മരണത്തിന്റെ പ്രണയിനിയാക്കി,
മെഹദി ഹസൻ പാടിക്കൊണ്ടേയിരിക്കുന്നു...

 ഒരുവർഷം മുമ്പ് ഇവിടെ ഈ ഇത്തിരിയിടമുണ്ടാക്കിയ   ഇതുപോലൊരു ജൂൺ  രാത്രിയിലേക്കും മെഹ്ദി ഹസൻ പാടി നിറയുന്നുണ്ടായിരുന്നു...


ഇവിടത്തെ ആദ്യ പോസ്റ്റ്..http://ithirineramblog.blogspot.com/2011/06/blog-post.html

Monday, 9 January 2012

ഇത്തിരിയപ്പം.

വീണ്ടുമിത്തിരി പാചകവിശേഷവുമായി തുടങ്ങാം, ഈ വർഷത്തെ ബ്ലോഗെഴുത്ത്. വൈകുന്നേരക്കളി ഒക്കെ കഴിഞ്ഞ് പിള്ളേരെത്തുമ്പോഴേക്ക് എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒരു ഇത്തിരിയപ്പമാണിപ്രാവശ്യം...കാരറ്റ് ഇട്ട ബേക്ക് ചെയ്ത  ഉണ്ണിയപ്പം. വേണ്ട സാധനങ്ങൾ : രണ്ട് കപ്പ് ഗോതമ്പു പൊടി അല്പം ബേകിങ്ങ് പൌഡറും ഉപ്പും മുക്കാൽ കപ്പ് പഞ്ചസാരയും ചേർത്ത് നല്ലവണ്ണം യോചിപ്പിക്കുക.പിന്നെ വേണ്ടത്, ഒരു മുട്ട, ഒരു ഗ്ലാസ് പാൽ, കാൽ കപ്പ് കുക്കിങ്ങ് ഓയിൽ. മുട്ട പൊട്ടിച്ച് നല്ലവണ്ണം അടിച്ചിട്ട് അതിലേക്ക് പാൽ ചേർത്ത്, അതും നല്ലവണ്ണം ഇളക്കി യോചിപ്പിക്കുക. ഇനിയതിലേക്ക് കുക്കിങ്ങ് ഓയിൽ ചേർക്കാം. അതും നല്ലവണ്ണം ഇളക്കി യോചിപ്പിച്ച ശേഷം  അതു ഗോതമ്പുപൊടി മിശ്രിതത്തിന്റെ നടുഭാഗത്തായി ഒഴിച്ച് വശങ്ങളിലൂടെ പതിയെ പതിയെ ഇളക്കിയിളക്കി യോചിപ്പിക്കുക. ഇനിയൊരു വലിയ കാരറ്റ് എടുത്ത് നേരിയതായി ഗ്രേറ്റ് ചെയ്തത് ഇതിലേക്ക് ചേർത്ത് വീണ്ടും പതിയെ ഇളക്കി യോചിപ്പിക്കണം.ഇനി വെണ്ണ തടവിയ മഫ്ഫിൻ ട്രെയിലെ കുഴികളിലേക്ക് മാവ് ഒഴിച്ചോളു. 200 ഡിഗ്രിയിൽ പ്രിഹീറ്റ് ചെയ്ത അവനിലേക്ക് എട്ത്തു വെച്ച് , കൃത്യം 25 മിനുറ്റ് കാത്തിരിക്കു.നല്ല മണവും രുചിയുമായി നമ്മുടെ ഇത്തിരിയിത്തിരി അപ്പംസ് റെഡി.