Sunday, 30 December 2012

മരിച്ചിട്ടും മരിക്കാതെയിവൾ


ഞാനെത്രാമത്തവളാണ്??
ഇവിടെയിങ്ങനെ വെറുമൊരു ഉടൽ മാത്രമായി
വലിച്ചിഴച്ച് കൊണ്ടിടപ്പെട്ടവരിൽ
എത്രാമത്തവളായിരിക്കും ഞാൻ?

നിറമുള്ള കുപ്പായങ്ങളൂരിയെറിഞ്ഞ്
വിറങ്ങലിച്ചിവിടെ കിടക്കുന്നുണ്ടെന്റെയുടൽ
കാഴ്ച്ചക്കളിലേക്ക്
 പൊടുന്നനെ വന്നു വീണ്
പരക്കുന്ന മഞ്ഞിന്റെ
നരച്ചുറഞ്ഞ നിസ്സംഗത പോലെ.

ചുറ്റിലും
ഓരോ അമ്മയുടെ നെഞ്ചിലും
ചിരി മറന്നൊരു മകൾ
അന്തം വിട്ടിരിക്കുന്നുണ്ട്.
ഓരോ മുഖങ്ങളിലും
ഒഴുക്കിക്കളയാൻ കണ്ണീരില്ലാതെ
അള്ളിപ്പിടിച്ചിരിക്കുകയാണ്
ചത്തുമലച്ച നിശ്ചലത.

ഒടുവിൽ
എല്ലാമൊരുപിടി ചാരമാകുമെന്ന്
കത്തിപ്പടർന്നു തുടങ്ങുന്നുണ്ട്
 ഒരു ചിത.
ഓർമ്മകളിൽ നിന്ന്
ജീർണ്ണഗന്ധങ്ങളൂറ്റിയെടുക്കണമെന്ന്
കൂട്ടിയിട്ട ചന്ദനമുട്ടികൾ.
ദഹിച്ചു തീരണ്ടയെനിക്കെന്ന
മരണം വിഴുങ്ങിയ മുറവിളികൾക്കു മീതെ
 ആളിത്തുടങ്ങുന്നുണ്ട് തീനാളങ്ങൾ
എങ്ങനെയില്ലാതാക്കാനാണീ
നെയ്തുകൂട്ടിയ സ്വപ്നങ്ങളെ?
എത്ര കനലുകൾ കോരിയിട്ടാലാണ്
കത്തിക്കാനാവുക,
ഓരോ അണുവിലൂടെയും തുളഞ്ഞുകയറിയ ,
പ്രാകി പ്രാകി പുകഞ്ഞു നാറുന്ന,
വേദനയുടെ പിടച്ചിലുകളെ.

ഞാനെത്രാമത്തവളാണ്??
ഉടലിന്റെ കനമില്ലായിരുന്നെങ്കിൽ
നെയ്തുകൂട്ടിയ സ്വപ്നങ്ങളിലെന്നും
പറന്നു നടക്കാമായിരുന്നെന്ന്,
അവസാന ശ്വാസത്തിലൂടെയും
ജീവിതത്തിലേക്ക്
വലിഞ്ഞുകയറാൻ ശ്രമിച്ചവരിൽ
എത്രാമത്തവളായിരിക്കും ഞാൻ??

Tuesday, 25 December 2012

എന്റെ മരണങ്ങൾ.ഇരുട്ട് എനിക്കു ചുറ്റും വലവീശിയിട്ടിരുന്നില്ല ,
ആ കഴുകൻ കണ്ണുകളിലേക്ക്,
ഒരിരയായി ഞാൻ ചെന്നു വീഴുന്ന നേരത്ത്.

ആൾത്തിരക്കില്ലാത്ത കുറുക്കുവഴികൾ
പെണ്ണിനു തനിയെ നടക്കാനുള്ളതല്ലെന്ന്,
തിരക്കിട്ടു ഇതിലേയിറങ്ങുമ്പോൾ
ഓർക്കാഞ്ഞിട്ടല്ല.
അതും നട്ടുച്ച നേരത്ത് ,
ഈ വഴിയിങ്ങനെ വെയിലുകുടിച്ച് മത്തടിച്ചു,
മലർന്നടിച്ചു കിടക്കുന്ന നേരത്ത്.
പരിചയമുള്ള വഴിയല്ലെ.
ഒരു നൂറു തവണ നടന്നതല്ലെ ഇതിലെ.
കൂട്ടുകാർക്കൊപ്പം ബഹളം കൂട്ടിയിതിലെ
കടന്നു പോവുമ്പോഴെല്ലാം,
വിശേഷങ്ങൾക്കൊപ്പം ചിരിച്ചുമറിഞ്ഞ്
ഞങ്ങളെ ഓടി തോൽപ്പിക്കാറുണ്ടായിരുന്ന വഴിയല്ലെ.
എന്നിട്ട്,
ഇന്നിതാ എന്റെ നടത്തത്തെ പിന്നോട്ടാഞ്ഞു വലിച്ച്
ഒരു പെണ്ണങ്ങനെയിതിലെ ഒറ്റക്കു നടക്കണ്ട
എന്നൊരു വഷളൻ ചിരിയുമായി
കള്ളമയക്കം നടിക്കുന്നു ഈ വഴി.

 അക്ഷമയുടെ പടപടപ്പുമായി
 തൊട്ടുപിന്നിൽ കാലടിയൊച്ചകൾ.
മിന്നൽപ്പിണരു പോലെയൊരു
ഭയമായിരുന്നാദ്യം ഉടലിലൂടെ പാഞ്ഞു പോയത്.
ഒരു കുതിപ്പിനു അക്കരെയെത്തണമെന്ന് വിറപൂണ്ടു മനസ്സ്.

എന്തൊരു കനമാണെനിക്ക്!
എന്നെയുമെടുത്തെനിക്കോടാനാവാതെ,
തളർന്നു കുത്തിയിരിക്കുമ്പോൾ
പിന്നിലും തക്കം പാർത്ത് കാലടികളുടെ കിതപ്പ്.
ഇരയുടെ മേൽ ചാടിവീഴാനുള്ള വേട്ടനായ്ക്കളുടെ മുറുമുറുപ്പ്.

ഉച്ചക്ക് വാരിവലിച്ചു തിന്നതൊക്കെ
ഇളക്കിമറിച്ചു പുറത്തേക്കിടുത്തിട്ടു,
പുളിച്ചുനാറുന്ന വിയർപ്പുഗന്ധങ്ങൾ.
അറപ്പ്.

ഉടുവസ്ത്രം അഴിച്ചെറിയും പോലെ
എന്റെയീ ഉടലിനെയെടുത്ത്
ഇവറ്റകൾക്കെറിഞ്ഞിട്ടു കൊടുക്കണം.
ഈ വഴിയിലൂടെ വലിച്ചിഴച്ച്
കടിച്ചുപറിച്ചു രമിക്കട്ടെയിവറ്റകൾ.
പിന്നെ വേണ്ടിടത്തേക്കൊക്കെ
വേണ്ടപ്പോഴൊക്കെ ഓടിക്കയറുമ്പോൾ
എന്നെ പിടിച്ചുവലിച്ചിടാൻ
ഏതു വഴിക്കാണാവുക!
ആർത്തുവന്നു ഒരു ചിരി.

വീണ്ടുമുടലിലേക്ക്
പാഞ്ഞുകയറിയ ഭയവുമായി,
ആളനക്കത്തിലേക്ക് ഉണർന്ന
വഴിയിലൂടെ എന്നെയുമെടുത്തോടി,
 മറുകരയെത്തുമ്പോഴേക്ക്
കിതപ്പിനിടയിലും
ഉള്ളിൽ
ഒരിക്കൽ കൂടി ഞാനെന്നെ കൊന്നിട്ടിരുന്നു.
ഇനിയുമിങ്ങനെ
എത്ര മരണങ്ങളിലൂടെ ഭയന്നോടിക്കടന്നിട്ടു വേണം
 ജീവിതത്തിലേക്ക് എനിക്കൊന്ന് നടന്നു കയറാൻ!

Monday, 17 December 2012

നിന്റെ കവിതകൾ
നിനക്ക് മാത്രം എഴുതാനാവുന്ന
ചില കവിതകളുണ്ട്.

ആളനക്കമൊഴിഞ്ഞ്, മുറികളിൽ
പകൽ കനക്കുമ്പോൾ,
നിന്റെ മാത്രമായ ഇത്തിരിമുറിയുടെ
ജനൽപ്പാളികൾ മലർക്കെ തുറന്നുവെച്ച്,
ഉള്ള് നിറയ്ക്കും വരെ
വെളിച്ചമാവോളം കോരിക്കോരിക്കുടിച്ച്,
നീയെഴുതുന്നവ.
ജനൽപ്പുറത്ത്, നിന്നെമാത്രം കാത്ത്,
വെയിൽ നനഞ്ഞ
ഒരായിരം സ്നേഹപ്പച്ചകൾ!

വാക്കുകൾ കുടഞ്ഞിട്ട്,
അതിൽ നിന്ന് നിന്നെ തിരഞ്ഞുതിരഞ്ഞെടുത്ത്,
വെട്ടിയും തിരുത്തിയും മാറ്റിയും മറിച്ചും വെച്ച്,
പയ്യെ പയ്യെ നീയത് ചൊല്ലിത്തുടങ്ങുമ്പോഴേയ്ക്കും,
നേർത്ത പുഞ്ചിരിയുമായി,
അറിയാതെ കണ്ണുതുറന്നുപോയിട്ടുണ്ടാകും
വിരിയാതെ നിന്ന പൂമൊട്ടുകൾ.

ഒടുവിൽ വാക്കുകളൊഴിഞ്ഞ്,
നീയില്ലാതെയാവും വരെ-
വരികളിലിത്തിരി പൂമണം പൂശി,
കവിളിലുരുമ്മി,
നിന്നെത്തന്നെ ചുറ്റിപ്പറ്റി,
പോകാതെ ചേർന്നു നിൽക്കും
ഒരു കുഞ്ഞിളം കാറ്റ്.

വീണ്ടും
പകലിടങ്ങളിലെ തിരക്കു നിറഞ്ഞ
ദിനസരികളിൽ നിന്ന്
നീ നിന്നെ കണ്ടെടുക്കുമ്പോൾ,
ചേർന്നടയാതെ നിന്ന ജനൽപ്പാളിയിലെ
ഇത്തിരിക്കീറിലൂടെ
സ്നേഹപ്പച്ചകൾ,
കാത്തിരിപ്പിന്റെ നോട്ടങ്ങൾ
നീട്ടുന്നുണ്ടാവും.
വാക്കുകളിൽ കൊരുത്ത്,
നീയെറിഞ്ഞിട്ടുപോയ, നിന്നെ
തിരഞ്ഞു തിരഞ്ഞ്
വെയിൽ കിതച്ചു തുടങ്ങിയിരിക്കും.