Monday, 31 October 2011

മലമുകളിലെ തടാകം.

ഒരുപാടൊരുപാട് യാത്ര ചെയ്യണം എന്നത് എന്നും എപ്പോഴും മനസ്സിൽ കൊണ്ടുനടക്കുന്നൊരു സ്വപ്നമാണ്. അറിയാനാടുകളിലൂടെ അപരിചിത വഴികളിലൂടെ വ്യ്ത്യസ്ഥമായ സംസ്കാരങ്ങളിലൂടെ കാഴ്ചകളിലേക്ക് തുറന്നുവെച്ച കണ്ണുമായി, ലക്ഷ്യമില്ല്ലാത്ത യാത്ര.

സ്വപ്നം എന്നും മനസ്സിൽ കൊണ്ടുനടക്കുന്നുണ്ടെങ്കിലും കാര്യമായ യാത്രകളൊന്നും നടത്തിയിട്ടില്ല ഇതുവരെ. അവധികൾക്ക് നാട്ടിലെത്തുമ്പോൾ അടുത്തുള്ള ഏതെങ്കിലുമിടങ്ങളിലേക്കുള്ള കുഞ്ഞുകുഞ്ഞുയാത്രകളല്ലാതെ.
ഇപ്രാവശ്യം വീട്ടിലെത്തിയപ്പോൾ പ്ലാനിട്ട യാത്ര വയനാട്ടിലേക്കായിരുന്നു. എല്ലാവരുടേയും സൌകര്യമൊക്കെ നോക്കി ഞായറാഴ്ച്ചത്തേക്ക് വെച്ചു യാത്ര. ജൂലായിലെ നല്ല കിടുകിടുപ്പൻ മഴ..തലേ ദിവസം രാത്രിയിലും കൂടി തകർത്ത് തകർത്ത് പെയ്തു. പോകാൻ പറ്റുമോ എന്ന് എല്ലാവർക്കും സംശയം മനസ്സിൽ. രാവിലെയും മഴയാണെങ്കിൽ കാടിനു പകരം കടൽ കാണാൻ പോകാം എന്നുവരെ തീരുമാനിച്ചു അനിയൻ. രാവിലെ എഴുന്നേറ്റപ്പോൾ  കൊല്ലത്തിലൊരിക്കലെ ഞങ്ങളുടെ യാത്ര മുടക്കേണ്ടെന്നു കരുതിയാവും മാനത്തിത്തിരി തെളിച്ചം. എന്നാലും എല്ലാവരും ഒരുങ്ങി റെഡിയായി ഇറങ്ങിയപ്പോഴേക്കും ഇത്തിരി വൈകി. യാത്ര പുറപ്പെടുമ്പോഴേക്കും മഴ കുടഞ്ഞുകളഞ്ഞ് വെയിൽ ചിരിയുമായി നിന്നു പ്രകൃതി.
അടിവാരത്തെ ഹോട്ടലിൽ കയറി കഴിക്കാൻ. ആ വഴിയുള്ള യാത്രകളിൽ എന്നും അവടെ നിന്നാണ് ഭക്ഷണം. അവടെ പ്രഭാതഭക്ഷണസമയം അവസാനിക്കാറായിരുന്നു.എന്നാലും ഉള്ളതുകൊണ്ടൊക്കെ എല്ലാവരും വയറു നിറച്ചു.
ഇനി കയറ്റമാണ്.ഇനിയാണ് ശരിയായ യാത്ര. ചുരം കയറൽ. കയ്യിൽ ക്യാമറയുള്ളതുകൊണ്ടും എന്റെ യാത്രക്കൊതിയെല്ലാവർക്കും അറിയുന്നതുകൊണ്ടും എപ്പോഴും ഒരു സൈഡ് സീറ്റിനെക്കുറപ്പാണ്. 

കാടും ചുരവും മഞ്ഞും ഒക്കെ എന്നുമൊരു ഹരമാണ്. പുറത്തെ കാഴ്ചകളിലേക്ക് കണ്ണും കാതും മനസ്സും എറിഞ്ഞുകൊടുത്ത് ചുരം കയറി കയറി പോകുമ്പോൾ, ഒരിക്കലുമവസാനിക്കരുതെ ഈ യാത്ര എന്ന് ഉള്ള് കൊതിക്കും.   വന്യമായ താഴ്വരകളിലൂടെ ഒരു തൂവലു പറന്ന് പറന്ന് പോകുന്ന അവസ്ഥ.
ചുരത്തിനിടയിൽ ഒന്ന് വണ്ടി നിർത്തി..താഴെക്കൂടെ തീപ്പെട്ടിക്കൂട് പോലെ ബസുകൾ പോകുന്നത് കാണാൻ കുട്ടികൾക്ക് ഹരം.
പിന്നെ യാത്ര തുടർന്നപ്പോൾ കുട്ടികൾടെ ഹരം കുരങ്ങന്മാരെ കാണാനായി .കുറച്ചുകൂടി മുന്നോട്ട് പോയപ്പോൾ കുരങ്ങന്മാരുടെ ബഹളം. കടന്നുപോകുന്നവരെല്ലാം അവടെ വണ്ടി നിർത്തിയിറങ്ങുണ്ട്. താഴ്വരയുടെ ഭംഗി ആസ്വദിക്കാനും, കുരങ്ങന്മാരെ കാണാനും.  ഇപ്പഴത്തെ കാലത്തെ കുരങ്ങന്മാർക്കും അറിയാം യാത്രക്കരുടെ മുന്നിൽ എങ്ങനെ ഷൈൻ ചെയ്യണമെന്ന്.

 അവടെയിറങ്ങിയ കൂട്ടത്തിൽ എന്റെ ക്യാമറയ്ക്കും കിട്ടി ഒരു നല്ല കുരങ്ങൻ ഫോട്ടോ.
പൂക്കോട് തടാകമാണ് ഞങ്ങളുടെ ലക്ഷ്യം. ചുരം കയറിക്കഴിഞ്ഞ് വൈത്തിരിയും കഴിഞ്ഞ് നാലഞ്ച് കിലോമീറ്റർ മുന്നോട്ട് പോയപ്പോൾ ഇടതുവശത്തേക്ക് പൂക്കോട് തടാകത്തിലേക്കുള്ള വഴി കണ്ടു. വയനാട് വഴി കടന്നുപോയിട്ടുണ്ട് എന്നതല്ലാതെ വയനാട്ടിലെ സ്ഥലങ്ങളൊന്നും കാ|ണാൻ അവസരമുണ്ടായിട്ടില്ല. പൂക്കോട് തടാകം എന്ന് അനിയൻ പറഞ്ഞപ്പോൾ തന്നെ തോന്നിയത് വല്ലാത്തൊരൽഭുതമാണ്. ചുരം കയറി ഇത്രയും മുകളിലെത്തിയിട്ട് അവടെയൊരു തടാകമോ എന്ന്!  തടാകത്തിനടുത്തെത്തിയപ്പോഴേക്കും ചെറിയ ചാറ്റൽമഴ വന്നു. റോഡരികിൽ വരിയായി ഒരുപാട് വണ്ടികൾ. ഈ മഴക്കലത്തും ഒരുപാട് സഞ്ചാരികൾ.

മനോഹരമായ തടാകം. പ്രകൃതിദത്തമായ തടാകം അതേ പടി തന്നെ സരംക്ഷിച്ചിട്ടുണ്ട്. ചുറ്റും നല്ല കാട്. പച്ചപ്പിനിടയിൽ ശാന്തമായ സുന്ദരമായ തടാകം. രണ്ടുനാല് ബോട്ടുകൾ യാത്രക്കാരുമായി തടാകത്തിൽ കറങ്ങിവരുന്നുണ്ട്.ചാറ്റൽ മഴ പോയി നേരിയ വെയിൽ വന്നു വീണ്ടും.  ഞങ്ങളും ഒരു ബോട്ടിൽ കയറി ഒന്നു തടാകം ചുറ്റാൻ തീരുമാനിച്ചു. തുഴയുന്ന ബോട്ടാണ്. ഞങ്ങൾഏഴുപേർക്കും കയറാവുന്നത്. തുഴച്ചിൽ കാരൻ  രസികനായിരുന്നു. അയാൾ തുഴച്ചിലിനിടയിൽ തടാകത്തിനെ പറ്റി  പഠിച്ചുവെച്ചിരിക്കുന്ന  കാര്യങ്ങൾ പറയാൻ തുടങ്ങി. സമുദ്രനിരപ്പിൽ നിന്ന് 2100 മീ ഉയരെയാണീ തടാകം.മലമുകളിലെ ശുദ്ധജലതടാകം. നല്ല തെളിഞ്ഞ ജലം..ബോട്ടുകൾ പോകാത്ത വെള്ളമനക്കമില്ലാത്ത ഇടങ്ങളിൽ മുഴുവൻ വയലറ്റ് നിറത്തിൽ നിറയെ നീലത്താമരകൾ.നടുഭാഗത്ത് ഏറ്റവും കൂടുതൽ ആഴമുള്ളിടത്ത് തന്നെ അഞ്ചാറു മീറ്റർ താഴ്ച്ചയേ ഉള്ളു. ചുറ്റുമുള്ള കാടിനു വല്ലാത്ത ഭംഗി. തുഴച്ചിൽ കാരൻ വാ തോരതെ വിശേഷങ്ങൾ പറയുന്നുണ്ട്.അയാളുടെ സ്ഥിരപ്പേടാത്ത ജോലിയെ പറ്റിയും, സീസൺ വരുമ്പോഴുള്ള തിരക്കിനെപറ്റിയുമൊക്കെയായി ഇടക്ക് സംസാരം.അയാളുടെ അരികിലായിരുന്ന അച്ചുവിന്റെ കയ്യിൽ നിന്ന് ക്യാമറ വാങ്ങി ഞങ്ങളുടെ എല്ലാവരുടെം കൂടെ ഒരു ഫോട്ടോയും എടുത്തു കക്ഷി. .ഇടക്ക് വീണ്ടും തടാകക്കാര്യങ്ങളിലേക്ക് വിഷയം തിരിച്ചെത്തി. തടാകത്തിന്റെ പേര് പൂക്കാട് തടാകം എന്നായിരുന്നത്രെ. ഏതുകാലത്തും ചുറ്റുമുള്ള മരങ്ങളിൽ ഏതെങ്കിലിലുമൊക്കെ പൂവുണ്ടാവുമത്രെ. പൂക്കാട് മാറിമാറി പൂക്കോടായി എന്ന് അയാളുടെ കഥ. തടാകത്തിന്റെ പ്രത്യേക ഒരു ആകൃതിയുണ്ട്. അതെന്തെന്നായി അയാളുടെ അടുത്ത ചോദ്യം. പേര് പൂക്കോട് എന്നായതുകൊണ്ട് പൂവിന്റെ ആകൃതിയാണെന്ന് എന്റെയുത്തരം.അത് തെറ്റായിരുന്നു. ഒന്നു ശരിക്കും ചുറ്റും നോക്കിയാൽ മനസ്സിലാകുമെന്നൊക്കെ അയാൾ ഉത്തരം പറയാൻ പ്രോത്സാഹിപ്പിച്ചെങ്കിലും സമ്മാനമൊന്നുമില്ലാത്തതുകൊണ്ടാകും ഉത്തരം പറയാനൊന്നും ആരും മെനക്കെട്ടില്ല. താടാകത്തിന്റെ നടുവിൽ ബോട്ടിലിരുന്ന് നോക്കിയിട്ട് എനിക്ക് ആകൃതിയൊന്നും മനസ്സിലായതുമില്ല. അവസാനം അയാൾ തന്നെ പറഞ്ഞുതന്നു ഉത്തരം. തടാകത്തിനു ഇന്ത്യയുടെ ആകൃതിയാണത്രെ. പറഞ്ഞുകഴിഞ്ഞപ്പോൾ അങ്ങനെയാണ് ആകൃതിയെന്ന് തോന്നാതെയുമിരുന്നില്ല.അത് പറയുന്ന സമയത്ത് ഞങ്ങൾ രാജസ്ഥാൻ കഴിഞ്ഞ് ഗുജറാത്തിനരികിലെത്തിയിരുന്നു.യാത്ര പുറപ്പെട്ട കേരളതീരത്തേക്കാണ് ബോട്ട് നീങ്ങിക്കൊണ്ടിരുന്നത്. മരങ്ങൾക്കിടയിൽ സന്ദർശകർക്ക് തടാകഭംഗി കണ്ടിരുന്ന് വിശ്രമിക്കാൻ കെട്ടിയ ചെറിയൊരു വിശ്രമമന്ദിരവും കണ്ടു.

ബോട്ട് യാത്രയേക്കാൾ രസകരമായ കാര്യമായിരുന്നു അടുത്ത പരിപാടി. പതിമൂന്നേക്കറോളം വരുന്ന തടാകത്തിനു ചുറ്റുമായൊരു നടപ്പാതയുണ്ട്.കാടിനും തടാകത്തിനുമിടയിലൂടെയുള്ള ആ വഴിയിലൂടെ നടന്ന് തടാകം ചുറ്റി വരാം.

 ഉമ്മിയും കണ്ണനുമാണ് മുന്നിൽ നടത്തം തുടങ്ങിയത്. നല്ല രസികൻ വഴി. കുറച്ചുനടന്നപ്പോൾ കണ്ണനു കാലുകഴച്ച് അവൻ തിരിഞ്ഞു നടന്നു. നടന്നുമതിയായില്ലെന്ന് ഉമ്മിയുടെ മുഖ:ത്തെ വിഷമം. ഉമ്മി ഇതിനുമുമ്പും പല തവണ വന്നിട്ടുള്ളതാണിവിടെ. യാത്ര എന്നാൽ അത്യുത്സാഹത്തോടെ ആദ്യം ചാടിപ്പുറപ്പെടുക ഉമ്മിയാണ്.വല്ല കാടോ മലകയറ്റമോ ഒക്കെയുണ്ടെങ്കിൽ ഉമ്മി ഡബ്ൾ ഹാപ്പി. പിന്നെ ഉമ്മിയെ യാത്രക്കു കൂട്ടിയാൽ ചക്ക അട, അസ്സൽ അരിയുണ്ട തുടങ്ങിയ കുറെ നാടൻ സ്നാക് ഐറ്റംസും ഒക്കെ റെഡിയായിരിക്കും വണ്ടിയിൽ. അതുകൊണ്ട് ആരെങ്കിലും യാത്ര പരിപാടിയിട്ടാൽ എപ്പോഴും ഉമ്മിയുമുണ്ടാകും ലിസ്റ്റിൽ. എത്ര പ്രാവശ്യം വന്നാലും ആദ്യമായി വരുന്നതു പോലത്തെ കൌതുകമാണ് ഓരോ പ്രാവശ്യവും.

പിന്നെ ഞാൻ തനിച്ചായി നടത്തം. എതിർ ദിശയിലേക്ക് നടത്തം തുടങ്ങിയ പലരും എന്നെ കടന്നു പോകുന്നുണ്ടായിരുന്നു. കുറച്ചുനടന്നപ്പോഴേക്കും പിറകിൽ നിന്ന് അച്ചുവും മമ്മയും ഓടിയെത്തി എന്റൊപ്പം.

നല്ല കാട്ടുവഴി മുന്നിൽ . കാട്ടുമൃഗങ്ങളുണ്ടാകുമോ എന്ന പേടിയൊന്നും തോന്നതെ സുഖകരമായൊരു നടത്തം. പലതരം ചിത്രശലഭങ്ങൾ, പേരറിയാത്ത ചെടികൾ, മരങ്ങൾ. മഴക്കാലമായതിനാൽ കാലിൽ കടിച്ചു തൂങ്ങി ചോര കുടിക്കുന്ന അട്ടയുണ്ടാകുമെന്ന് പറഞ്ഞിരുന്നു, ബോട്ടുകാരൻ. പക്ഷെ അട്ടകളുടെ പൊടി പോലുമുണ്ടായിരുന്നില്ല കണ്ടുപിടിക്കാൻ. ഒരൊറ്റ കുരങ്ങനെ പോലും അവടെയെങ്ങും കണ്ടില്ല.കുരങ്ങന്മാരെല്ലാം നല്ല കാട് വിട്ട് റോഡരികിലെ മരങ്ങളിലാവണം താമസം.


മരങ്ങൾക്കിടയിലൂടെ തടാകം കണ്ട് കാട്ടുവഴിയിലൂടെയുള്ള നടത്തം ശരിക്കും നല്ലൊരനുഭവമായി. കുട്ടിക്കാലം തിരിച്ചുകിട്ടിയ പോലെ വല്ലാത്തൊരാഹ്ലാദം നിറഞ്ഞു മനസ്സിൽ.. കയറാൻ പറ്റുന്ന മരങ്ങളിലേക്കൊക്കെ അച്ചു ഓടിക്കയറി.ഞങ്ങളും അച്ചുവിന്റെ ഒപ്പം തൂങ്ങിക്കിടക്കുന്ന വേരുകളിൽ തൂങ്ങിയാടി ബഹളമുണ്ടാക്കി.

നടത്തം അവസാനിക്കാറായപ്പോഴേക്കും മഴ പിന്നെയും വന്നു. ഇപ്രാവശ്യം മഴ വെറുതെ ചാറി പോകാതെ പെയ്യാൻ തുടങ്ങി. ചുറ്റിനടന്നിരുന്ന ആളുകൾ തടാകക്കരയിലെ കോഫി കടയിലും കരകൌശല സാധനങ്ങളും തേനുമൊക്കെ വിൽക്കുന്ന ചെറിയ ചെറിയ കടകളുടെ അരികുകളിലുമൊക്കെ  ഓടിക്കയറി.


ബാക്കി കാഴ്ച്ചകളൊന്നും കാണാൻ നിൽക്കാതെ മഴ നനഞ്ഞ് വണ്ടിയിലേക്ക് തിരിച്ചു നടക്കുമ്പോൾ ഇനിയുമിനിയുമീവഴി വരണമെന്നാണ് മനസ്സ് പിറുപിറുത്തത്.


Wednesday, 26 October 2011

ഇത്തിരി നാടൻ സൂപ്പ്!

2011 അങ്ങനെ നവംബറിലെത്താറായി. മഞ്ഞുകാലത്തിന്റെ തുടക്കം. തിളക്കുന്ന വെയിൽ കുറഞ്ഞു തുടങ്ങിരിക്കുന്നു. തണുത്ത ഇരുട്ട് വാരിയിട്ട് വേഗമെത്തുന്ന രാത്രികൾ. രാവിലെ, തണുപ്പിന്റെ പുതപ്പുമാറ്റി പുറത്തുവരാൻ മടിച്ച് വൈകിയെത്തുന്ന  സൂര്യൻ. മഞ്ഞുകാലത്തിന്റെ ചാരനിറത്തിലേക്ക് മാറിമാറി വരുന്ന പുറംകാഴ്ച്ചകൾ!

കിളിക്കൂട്ടങ്ങൾ കലപില കൂട്ടി പുറത്തിറങ്ങി പറക്കാൻ തുടങ്ങിയിരിക്കുന്നു..എന്റെ കുഞ്ഞുബാൽക്കണിക്കും ഇനി ജീവൻ വെക്കും. ബാൽക്കണിയിൽ വിതറിയിട്ട അരിമണികൾ കൊത്തിത്തിന്നാൽ ബഹളം കൂട്ടി എടക്കിടക്ക് കൂട്ടത്തോടെയെത്തും വികൃതിക്കിളികൾ.

പറയാൻ വന്നതിത്തിരി പാചകക്കാര്യമാണ്. തണുപ്പടിച്ചുകയറുമ്പോൾ ചൂടോടെ  ഇത്തിരി സൂപ്പ് കുടിക്കുന്ന കാര്യം.വളരെ വളരെ എളുപ്പമുണ്ടാക്കാവുന്ന ഇത്തിരി നാടൻ സൂപ്പ്.


വേണ്ടത് രണ്ട് ഇടത്തരം ക്യാരറ്റ് നുറുക്കിയതും അത്ര തന്നെ കുമ്പളങ്ങ നുറുക്കിയതുമാണ്. കൂട്ടത്തിൽ ഒരു മൂന്നു ചെറിയ കഷ്ണം തക്കാളിയും ഒരു കുഞ്ഞു കഷ്ണം ഇഞ്ചിയും.


ഇതെല്ലാം കൂടി കുക്കറിലിട്ട് ആവശ്യത്തിനു വെള്ളമൊഴിച്ച് അരറ്റീസ്പൂൺ ചെറിയജീരകവും ചേർത്ത് നല്ലവണ്ണം വേവിക്കുക. കുക്കറിൽ നിന്ന് മാറ്റി ചൂടുമാറുമ്പോൾ നല്ലവണ്ണം മിക്സിയിലിട്ട് അടിക്കുക. സൂപ്പിന്റെ കൺസിസ്റ്റൻസി ശരിയാക്കൻ ആവശ്യത്തിനു വെള്ളം ചേർക്കണം.
ഇനിയൊന്ന് താളിക്കാം.ഒരു ചെറിയ കഷ്ണം കാരറ്റ് കൊത്തിയരിഞ്ഞതും , സ്പ്രിങ് ഒനിയന്റെ രണ്ട് തണ്ട് കുഞ്ഞായി അരിഞ്ഞതും ഇത്തിരി നെയ്യിലൊ കുക്കിങ്ങ് ഓയിലിലോ മൂപ്പിച്ചതിലേക്ക് അടിച്ചുവെച്ചിരിക്കുന്ന നമ്മുടെ സൂപ്പുമൊഴിക്കുക. ആവശ്യത്തിനു ഉപ്പും ചേർത്ത് ചൂടാക്കുക.തിള വന്നു തുടങ്ങുമ്പോൾ തീ ഒഫാക്കാം.


നമ്മുടെ നാടൻ സൂപ്പ് റെഡി..കുരുമുളക് പൊടി ചേർത്ത് ചൂടോടെ കുടിച്ചുനോക്ക്..ഉഗ്രനല്ലെ സംഭവം?

Monday, 24 October 2011

പ്രത്യാശയുടെ ഇത്തിരിവെട്ടങ്ങൾ!

മനസ്സിലീ ചിന്തകളുടെ വിത്തിട്ടത് ഒരു അമ്മയാണ്.. ഐഡിയ സ്റ്റാർ സിങ്ങർ വേദിയിൽ രണ്ടാമത്തെ ഗാനമാലപിച്ച് , സുകേഷ് കുട്ടൻ. മകനരികിൽ നിന്ന് കരച്ചിലടക്കാൻ പാടുപെടുന്ന അവന്റെയമ്മ. ആ ഓരോ തുള്ളി കണ്ണീരിലും സങ്കടങ്ങളുടെ കടലാഴങ്ങൾ. വർഷങ്ങളായി ജീവിതത്തോട് പൊരുതി നേടിയെടുത്ത ആത്മവിശ്വാസത്തിന്റെ പെരുമഴകൾ..

ഏഷ്യാനെറ്റിന്റെ ഐഡിയ സ്റ്റാർ സിങ്ങർ വേദി. പാടാനിത്തവണയെത്തിയവരുടെ കൂട്ടത്തിൽ സുകേഷ് കുട്ടനും. ഓട്ടിസ്റ്റിക് ആയിട്ടുള്ള സുകേഷ്. നമുക്ക് തികച്ചും അപരിചിതമായ അവന്റെ മനസ്സിനുള്ളിലെ ലോകത്ത് നിറയെ സംഗീതം മാത്രമാവാം. വേദിയിൽ അവൻ മറ്റുള്ളവരെ പോലെ മത്സരിക്കുകയല്ല.അവൻ പാടുകയാണ്. അവൻ പോലുമറിയാതെ അവന്റെയുള്ള് നമുക്കു വേണ്ടിയിത്തിരി തുറന്നുകാട്ടുകയാണ്. വന്യമായ പാറയിടുക്കുകളിലൂടെ ഒഴുകിയിറങ്ങിവരുന്ന നീർച്ചാലു പോലെ  ഒഴുകിവീഴുന്ന സംഗീതം.ആദ്യമായി അതു കേട്ടപ്പോൾ, എന്തോ മനസ്സു കരഞ്ഞു..എനിക്കുമറിയാം കുറച്ച് കുട്ടികളെ. അടച്ചുപൂട്ടപ്പെട്ട സ്വന്തം മനസ്സുകൾക്കുള്ളിൽ  പെട്ടുപോയവരെ.ദുർഗ്രഹമായ ആ അവസ്ഥയോട് പൊരുതിക്കൊണ്ടിരിക്കുന്ന കുറേ അമ്മമാരെ. അവരെയോർത്തിട്ടാവാം സുകേഷിന്റെ അരികിൽ നനഞ്ഞ കണ്ണുകളുമായി നിന്ന ആ യഥർത്ഥ മത്സരാർഥിയുടെ, അവന്റെ അമ്മയുടെ മനസ്സറിഞ്ഞ് എന്റെ കണ്ണുകളും നിറഞ്ഞത്. ആ ഒരൊറ്റ പാട്ട് തന്നെ അവർക്ക് നൽകുന്നത് ഒരു മഹാവിജയത്തിന്റെ പൊൻ തൂവലാണ്.
ഫേസ് ബുക്കിൽ പിറ്റേന്ന് ഒരു സുഹൃത്ത് എഴുതിക്കണ്ടു, ഏഷ്യാനെറ്റിന്റെ കച്ചവടതന്ത്രങ്ങളിൽ ഇരയായിപ്പോയ സുകേഷിനെ പറ്റി. ശരിയാവാം. പക്ഷെ ആ അമ്മയിലേക്കിറങ്ങി ഇത്തിരി നേരമിരിക്കാനായാൽ നമുക്ക് മറ്റൊന്നും മറിച്ച് ചിന്തിക്കാനാവില്ല. അവതാരകരുടെ അരോചകമായ വാചകക്കസർത്തുകൾ കൊണ്ടുള്ള വിവരണങ്ങളൊന്നും നമ്മിലേക്കെത്തില്ല..

മനസ്സിലേക്കെത്തിയത്, മറ്റൊരമ്മയുടെ മുഖമാണ്.മുമ്പ് കണ്ടൊരു കൊറിയൻ സിനിമ.മാരത്തോൺ.
 അതുമൊരമ്മയുടെ കഥയാണ്. മകന്റെ മനസ്സിന്റെ അടഞ്ഞവാതിൽ തുറക്കാൻ ശ്രമിക്കുന്ന ഒരമ്മ. അതിനായി സ്വന്തം ജീവിതം തന്നെ ഒരു വശത്തേക്ക് നീക്കിവെച്ച് പല വഴികളിലൂടെയുള്ള നിരന്തരമായ പ്രയാണങ്ങൾ! ചൊവ്- വോൺ എന്ന മകൻ ഓട്ടിസമുള്ള കുട്ടിയാണ്..അവനു വാക്കുകൾ വെറും അക്ഷരങ്ങളും ശബ്ദങ്ങളും മാത്രമാണ്. വാക്കുകൾ പറയാനുള്ളവ മാത്രം. അതിന്റെ അർത്ഥതലങ്ങളിലേക്ക് അവനെത്താനാവുന്നില്ല. അവന്റെ മനസ്സു തുറന്നു കാട്ടാൻ ആ വാക്കുകൾക്കാവുന്നില്ല. എങ്കിലും താൻ കേൾക്കാനിഷ്ടപ്പെടുന്ന ഉത്തരങ്ങൾ മകനെ പറഞ്ഞുപഠിപ്പിക്കുന്ന ആ അമ്മ.
പിന്നീടെപ്പോഴൊ അവന്റെ കായികബലമാണ് അവനിലെ ശക്തിയെന്ന് മനസ്സിലാക്കിയ അവരവനെ കഠിനമായ കായികപരിശീലനങ്ങളിലേക്ക് തള്ളിവിടുകയാണ്. അവനെപ്പോലെയുള്ള മറ്റു കുട്ടികളെ പോലെ ചെറിയ കൈത്തൊഴിലുകൾ പരിശീലിപ്പിക്കുന്നതിലേക്ക് പറഞ്ഞയക്കാൻ അവർക്ക് മനസ്സുവരുന്നില്ല. അവനെ ഒരു മുഴുനീളമാരത്തോൺ ഓടിക്കുകയെന്നതാണ് അവരുടെ ലക്ഷ്യമെന്ന് ,അവന്റെ തന്നെ ലക്ഷ്യമെന്ന് അവരവനെ പറഞ്ഞുപറഞ്ഞ് പഠിപ്പിക്കുന്നുണ്ട്. മനസ്സുകൊണ്ട് അമ്മയാണ് മത്സരത്തിനു തയ്യാറെടുക്കുന്നത്.മകനുവേണ്ടി ചിന്തകളുടെ വലകൾ നെയ്യുന്നതമ്മയാണ്.ആ വലക്കണ്ണികളിൽ പെടുമ്പോൾ അവരുമവന്റെ പോലെ എല്ലാത്തിൽ നിന്നുമൊറ്റപ്പെടുന്ന ഒരു മാനസികാവസ്ഥയിലേക്ക് വഴുതിവീഴുന്നുണ്ടാവണം. അവന്റെ താങ്ങാവുന്നതിനപ്പുറമുള്ള കഠിനപരിശീലനങ്ങളിലൂടെ അമ്മ തന്നെത്തന്നെ സ്വയം പീഢിപ്പിക്കുകയാണ്..മകന്റെ ഇങ്ങനെയൊരവസ്ഥക്ക് ആകെയൊരു കാരണം താൻ മാത്രമാണെന്നുള്ള ഒരു വല്ലാത്ത കുറ്റബോധം ഇങ്ങനെയുള്ള ഓരോ അമ്മമാരുടെയും മനസ്സിൽ ഭീതിദമായ ഇരുട്ട് നിറച്ചിടുന്നുണ്ടാവണം. അതിൽ നിന്ന് എങ്ങനെയെങ്കിലും  പുറത്തുകടക്കാനുള്ള വ്യത്യസ്ഥമായ വഴികൾ തേടൽ മാത്രമായി അവരുടെ ജീവിതങ്ങൾ അവരെയും കൊണ്ട് പല വാതിലുകൾ മുട്ടി വിളിക്കുന്നുണ്ടാവണം.
പറഞ്ഞറിയിക്കാനാവില്ലെങ്കിലും പലതും ചൊ-വോണിന്റെ മനസ്സിനെ സ്പർശിക്കുന്നുണ്ടെന്ന് തിരിച്ചറിയുന്ന ദിവസം അവർ തളർന്നുപോകുന്നു. തന്നേക്കാളൊരു ദിവസമെങ്കിലും മുന്നേ മകൻ മരിച്ചുകാണണമെന്നഗ്രഹിക്കുന്ന അവർക്ക് അവരെ തന്നെ ന്യായീകരിക്കാനാവുന്നില്ല. അതുവരെ നിർബന്ധപൂർവം അവനെ പിടിച്ചു നടത്തിയിരുന്ന വഴികളിൽ നിന്ന് അവരവനെ മാറ്റി നടത്തിക്കുകയാണ്. മകനെ കുറേക്കൂടി അവനുതന്നെ വിട്ടുകൊടുക്കുകയാണ് എന്ന് സ്വയം വിശ്വസിപ്പിച്ചുകൊണ്ട്.
പക്ഷെ ചൊ-വോൺ അസംതൃപ്തനാണ്. അവനത് പറഞ്ഞറിയിക്കാനാവില്ലെങ്കിലും..പിന്നെ അസ്വസ്ഥതയുടെ വീർപ്പുമുട്ടലുകൾക്കിടയിലെപ്പഴോ തന്റെ ശരീരത്തിന്റെ ആഴങ്ങളിലേക്കിറങ്ങി വീണ ചലനങ്ങളുടെ താളം അവൻ സ്വയം തിരിച്ചറിയുന്നു.   മകന്റെ തിരിച്ചറിവിന്റെ ആ ഒരു നിമിഷം ആ അമ്മയുടെ വിജയത്തിന്റെ നിമിഷമായി മാറുന്നു.വ്യർഥമായി എന്ന് അവർ വിശ്വസിച്ച എത്രയോ നാളുകളിൽ അവൻ ശരീരത്തിലേക്ക് ആത്മവിശ്വാസത്തിന്റെയും ദൃഢനിശ്ചയത്തിന്റെയും തുടിപ്പുകളും ചലനങ്ങളും ആവാഹിച്ചെടുക്കുകയായിരുന്നിരിക്കണം. അതു മാത്രമാണ് ഏതൊരമ്മയും കൊതിക്കുന്നതും. പറഞ്ഞുപറഞ്ഞു പഠിപ്പിച്ച പോലെ അവൻ മാരത്തോൺ ഓടി വിജയിയാകുക തന്നെ ചെയ്യുന്നുണ്ട്..അനേകം വിജയങ്ങളുടെ തുടക്കം കുറിച്ചുകൊണ്ട്. ഓട്ടിസക്കാരനായ കൊറിയൻ മാരത്തോൺ ഓട്ടക്കാരൻ ബെയ്- ഹൈജിന്റെ ജീവിതം തന്നെയാണ് സിനിമക്കാധാരം.

സംഗീതം വെളിച്ചമായി മനസ്സിൽ നിറഞ്ഞ ഒരു നിമിഷം സുകേഷ് കുട്ടന്റെ ജീവിതത്തിലുമുണ്ടായിട്ടുണ്ടാകും.അതിനും എത്രയോ മുമ്പേ തന്നെ ആ അമ്മ അവനെ സംഗീതത്തിന്റെ ലോകത്തേക്ക് കൈപിടിച്ച് നിർബന്ധിച്ചു തന്നെ നടത്തിക്കൊണ്ടുപോയിരിക്കണം.


വേറിട്ട വഴിയിലൂടെ നടക്കാൻ ആത്മധൈര്യവും നിശ്ചയദാർഢ്യവും കാട്ടിയ ഈ അമ്മയുടെ മനസ്സിലും പ്രത്യാശയുടെ വെളിച്ചം നിറഞ്ഞൊഴുകട്ടെ.പാവം ആ അമ്മ മത്സരിക്കട്ടെ..മകനിലൂടെ അവരുമിത്തിരി വിജയങ്ങളുടെ മധുരമറിയട്ടെ. അടഞ്ഞ മനസ്സുകളിലേക്ക് വഴി തുറക്കാൻ പാടുപെടുന്ന ഒരുപാടമ്മമാർക്കത് ആത്മവിശ്വാസത്തിന്റെ കരുത്താവട്ടെ.


Monday, 10 October 2011

ഞാനുമെന്റെ ചിത്രങ്ങളും.

അങ്ങനെ ഞാനുമൊരു എക്സിബിഷൻ നടത്തി..ചിത്രം വരച്ചുകൊണ്ടേയിരിക്കണമെന്നും എന്നെങ്കിലുമൊരു എക്സിബിഷൻ നടത്തണമെന്നും ഒക്കെ എന്റെ സ്വപ്നമാണ്.. ഇതിപ്പൊ വിചാരിച്ചിരിക്കാതെ വന്നുകയറിയതാണ് ഈ എക്സിബിഷൻ.
.
ഓണവും വിഷുവുമൊക്കെ വന്നു പോയാലും ഗൾഫിലെ പ്രവാസികൾക്ക് കുറേ നാളത്തേക്ക് വെള്ളിയാഴ്ച്ചകളിൽ ഓണമാണ്.പൂക്കളവും മാവേലിയും സദ്യയുമൊക്കെയായി ഓരോ സംഘടനകളും ഓണാഘോഷങ്ങൾക്ക് പൊലിമ കൂട്ടാൻ മത്സരിക്കും. പല തരത്തിൽ കുറേ ഓണങ്ങൾ.അങ്ങനെയൊരു ഓണാഘോഷമായിരുന്നു അരങ്ങ്. എനിക്ക് ചിത്രങ്ങൾ വെക്കാൻ ഒരവസരം കിട്ടി. ഏതായാലും ഒരവസരം കിട്ടിയതല്ലെ, വെച്ചുനോക്കാമെന്ന് ഞാനും കരുതി. ഫ്രെയിമൊന്നും ചെയ്യാത്ത ചിത്രങ്ങൾ..ഒരു സ്കൂളിലെ ഓഡിറ്റോറിയത്തിലാണ് ഓണപ്പരിപാടി. ആ സ്കൂളിലെ ഒരു ക്ലാസ്സ് മുറിയിലാണ് എന്റെ ചിത്ര പ്രദർശനം. ഓയിൽ പെയിന്റിൽ ചെയ്ത മുപ്പത് ചിത്രങ്ങൾ നിരത്തിവെച്ചു ഞാൻ. എനിക്ക് സ്വയമൊരാത്മ വിശ്വാസം തോന്നാതിരുന്നതുകൊണ്ട് കൂട്ടുകാരോട് പോലും പറയാതെയാണ് സംഭവം നടത്തിയത്.

ഏതായാലും കുറേ പേരുവന്നു കാണാൻ. കുറച്ച് നല്ല അഭിപ്രായങ്ങൾ കേൾക്കാൻ പറ്റി. സന്തോഷം.പൊടിപിട്ച്ച് കട്ടിലിനടിയിലിരിക്കുകയായിരുന്ന എന്റെ പാവം കാൻ വാസുകൾക്കും നാലുപേരുടെ മുന്നിൽ വെളിച്ചത്തിരിക്കാൻ പറ്റിയതിൽ സന്തോഷമായിട്ടുണ്ടാകും. ഇനിയും കുറേ ചിത്രങ്ങൾ വരച്ച് നാട്ടിൽ നല്ലൊരു ചിത്രപ്രദർശനം നടത്തണമെന്ന എന്റെ സ്വപ്നത്തിനു ഇപ്പോൾ കൂടുതൽ മിഴിവ്..

എന്റെ വരകൾ ഇതാ ഇവിടെ