Sunday, 12 June 2011

ശേഷിപ്പുകൾ!

നനഞ്ഞ മണലിൽ
കൈകൾ കോറിയിട്ടത്
നിന്റെ പേര്..
ഒരു തിര വന്നതു മായ്ച്ച്,
നിസ്സംഗമായ് തിരികെയോടുന്നു.

കരയിലീ ഞാനും 
ജീവനൊഴിഞ്ഞൊരീ ശംഖും 
മാത്രം ബാക്കി.


പിന്നെ ഞാനെന്നിലെ 
അലറും കടലായ്,

കടലിരമ്പലായ്

ഈ കുഞ്ഞുശംഖിലൊതുങ്ങി നിറയവെ

വീണ്ടുമെത്തിയോ ഒരു തിര?
എന്നിലെ കടലിനെയെടുത്ത്
എന്നെയും മായ്ച്ചുകളഞ്ഞ്
ഒന്നും തിരികെ വെക്കാതെ
പിന്തിരിഞ്ഞോടിയോ!!

Friday, 10 June 2011

ഇത്തിരിനേരം കൊണ്ടൊരുപ്പുമാവ്.

വീണ്ടും ഇത്തിരിനേരം പാചകവിശേഷം...ഇത്തിരി ഉപ്പുമാവ് വിശേഷം!!


കണ്ണൻ കുഞ്ഞായിരുന്നപ്പോഴൊരു ഹൈദ്രബാദിക്കാരി ആന്റിയുണ്ടായിരുന്നു വീട്ടുജോലികളിൽ സഹായത്തിനു. അവർക്ക് പാചകം വലിയ ഹരവും..കുറച്ചുകാലമെ ഉണ്ടായിരുന്നുള്ളുവെങ്കിലും നല്ല തീറ്റഭാഗ്യമുള്ള കാലമായിരുന്നു അത്. എ|ണ്ണയും നെയ്യുമൊക്കെ എല്ലാത്തിലും സുലഭമായി ചേർത്തിട്ടായിരുന്നു പാചകമെന്നതിനാൽ കാണുന്നവർക്കൊക്കെ ഭക്ഷണം കാര്യമായി കഴിക്കുന്നുണ്ട് എന്ന്  പെട്ടെന്ന് മനസ്സിലാവുകയും ചെയ്യുമായിരുന്നു അന്ന്.
അന്ന് സ്വാദുള്ള വിഭവങ്ങൾ തിന്നാനുള്ള ഉത്സാഹമൊന്നും അതെങ്ങനെ ഉണ്ടാക്കുന്നു എന്നറിയാൻ ഞാൻ കാണിച്ചിട്ടില്ല. നമുക്ക് അപ്പം തിന്നാൽ മതിയല്ലൊ.
ഉപ്പുമാവിലേക്ക് വരാം.ഉരുളക്കിഴങ്ങ് ചേർത്ത് കുറെ നെയ്യൊക്കെ ചേർത്ത് അവരുണ്ടാക്കുന്ന ഉപ്പുമാവിന് ഒരു സ്പെഷൽ രുചിയായിരുന്നു.പിന്നീട് കണ്ണൻ വലുതായി , അവന്റെ ഭക്ഷണപ്പൊതിക്ക് വൈവിധ്യം വരുത്തുന്നതിന്റെ ഭാഗമായിട്ടാണ്, ഞാൻ  പണ്ടത്തെ സ്പെഷൽ ഉപ്പുമാവിനെ പച്ചക്കറിവൽക്കരണം നടത്തി, ഈ ത്രിവർണ്ണ ഉപ്പുമാവാക്കിയത്.

വേണ്ട സാധനങ്ങൾ
ഒരു ഉരുളക്കിഴങ്ങ്., ഒരു വലിയ ക്യാരറ്റ്, ഒരു കാപ്സിക്കം, [അഞ്ചാറ് ബീൻസ്.ക്യാബേജ്,ചീരയില ഒക്കെ ഉണ്ടെങ്കിൽ കുറെശ്ശെ ചേർക്കാം.] വേവിച്ച പച്ചപ്പട്ടാണി.
പിന്നെ പകുതി സബോള.[ചെറിയ കഷ്ണങ്ങളായി അരിയണം]  മൂന്ന് പച്ചമുളക്[കീറിയത്], കുറച്ച് ഇഞ്ചിയരിഞ്ഞത്, വേപ്പില, കടുക്, പൊട്ട്കടല, കുറച്ച് ഉഴുന്നുപരിപ്പ്[ഒരു റ്റേബിൾ സ്പൂൺ മതി]. ഇത്തിരി കുരുമുളക് പൊടി[ഉരുളക്കിഴങ്ങ് വേവിക്കുമ്പോൾ ചേർക്കാൻ].
ചൂടുവെള്ളം,.
ഉപ്പ്, എണ്ണ ഒക്കെ ആവശ്യത്തിന്.
ഇനി പ്രധാനപെട്ട കാര്യം..നല്ല തരിതരിയായ റവ -ഒരു കപ്പ്.
ആദ്യം ക്യാരറ്റും കാപ്സിക്കവും ഉരുളക്കിഴങ്ങും  ഒരേ വലിപ്പത്തിലുള്ള കഷ്ണങ്ങളാക്കി അരിയുക.


ഉരുളക്കിഴങ്ങ് കുറച്ച് ഉപ്പും ഇത്തിരി കുരുമുളക് പൊടിയും ഇട്ട് വേവിക്കാൻ വെക്കുക.
മറ്റൊരു അടുപ്പിൽ ചുവടു കട്ടിയുള്ള പാത്രം വെച്ച് ആവശ്യത്തിനു എണ്ണയൊഴിക്കുക. എണ്ണ ചൂടാകുമ്പോൾ അതിൽ കടുകിട്ട് പൊട്ടിക്കുക, അതിലേക്ക് ഉഴുന്ന് പരിപ്പ് ഇടണം.ഒന്നു മൂക്കുമ്പോൾ അതിലേക്ക് പൊട്ട് കടല ചേർക്കുക.ഒന്ന് വഴറ്റിയിട്ട്,അതിലേക്ക് സബോള അരിഞ്ഞത്, ഇഞ്ചി അരിഞ്ഞത്, പച്ചമുളക് കീറിയത് ഒക്കെ ചേർക്കുക.നന്നായി വഴറ്റി അതിലേക്ക് റവ യും വേപ്പിലയും ഇട്ട്  നന്നായി വറക്കണം. റവയിലേക്ക് ഉപ്പും ചേർക്കണം.ഉപ്പ് കൂടിപ്പോയാൽ പിന്നെ സംഭവം സാക്ഷാൽ ‘ഉപ്പ്’ മാവായിപ്പോകും.
അപ്പോഴേക്കും വേവിക്കാൻ വെച്ചിട്ടുള്ള ഉരുളക്കിഴങ്ങ് വെന്തിരിക്കും.അതിലേക്ക് ബാക്കിയുള്ള പച്ചക്കറിക്കറികളും ഗ്രീൻ പീസും ചേറ്ത്ത്  ഒന്നിളക്കി ഒരു മിനിറ്റിനു ശേഷം അടുപ്പ് ഓഫാക്കണം.

റവ നല്ലവണ്ണം വറവായാൽ അതിലേക്ക് വേവിച്ച പച്ചക്കറികൾ ചേർക്കുക. നന്നായി ഇളക്കി യോചിപ്പിച്ച ശേഷം രണ്ട് കപ്പ് ചൂട് വെള്ളം ഒഴിക്കുക. കട്ട കെട്ടാതെ ഇളക്കി യോചിപ്പിക്കുക. അൽ‌പ്പം നെയ്യോ ബട്ടറോ ചേർക്കാം

 അങ്ങനെ  നമ്മുടെ പോഷകസമ്പുഷ്ടവും സ്വാദിഷ്ടവുമായ ഉപ്പുമാവ് റെഡി. ഇനി സമയം കളയാതെ ചൂടോടെ വേഗം കഴിച്ചോളു.!!
ഇഷ്ടപ്പെടും..ഉറപ്പ്!!

Sunday, 5 June 2011

കൂ - കാ --പിന്നെ ഉരുളൻ കിഴങ്ങും.

ഇത്തിരിനേരം പാചകവിശേഷം!

ഈ കൂ- കാ കൂട്ടാൻ ആദ്യം കഴിക്കുന്നത് സ്കൂളിൽ ജോലി ചെയ്യുന്ന സമയത്താണ്. സ്റ്റാഫ് റൂമിലെ ഒരു പ്രാധാനപരിപാടിയായിരുന്നു ഭക്ഷണപ്പൊതികൾ തുറക്കൽ. എന്റെ പോലെ ഭക്ഷണപ്രിയമില്ലാത്തോർക്കു പോലും ഹോസ്റ്റലിലും സ്റ്റാഫ് റൂമിലുമൊക്കെ ഒന്നിച്ചിരിക്കുമ്പോൾ വല്ലാത്ത ആർത്തിയും വിശപ്പുമാണെന്നു തോന്നുന്നു. ആരെങ്കിലും എന്തെങ്കിലുമൊക്കെ കൊണ്ട് വന്നത് , പുറത്തെടുക്കുമ്പോഴേക്കും എല്ലാവരും കൂടി ചാടിവീണ് പാത്രം കാലിയാക്കും.പിന്നെ ബാക്കിയാവുന്ന, വെശപ്പ്, കൊതി ഒക്കെ  മാറ്റാൻ സമയമുണ്ടെങ്കിൽ അല്പം റെസിപ്പി ചർച്ച.
അതിനിടയിൽ നിന്നാണ് ഈ കൂ – കാ കൂട്ടാൻ കിട്ടിയത്. മാംഗ്ലൂരിക്കാരി ഫ്രെഞ്ച് റ്റീച്ചറിന്റെ വിഭവം. അവരുടെ റെസിപ്പി പരീക്ഷിച്ചു ഒരു തവണ. പക്ഷെ ആ ഒരു മാംഗ്ലൂരു രുചി വന്നില്ല. അടുത്ത പ്രാവശ്യം കൂണ് വാങ്ങിയപ്പോൾ പതിവുപോലെ ഞാനെന്റെ ഭാവനക്കനുസരിച്ച് റെസിപ്പി മാറ്റി.അങ്ങനെ മാറ്റി മാറ്റി എന്റെ വക ഒരു കൂൺ റെസിപ്പി ഉണ്ടാക്കി. അതാണീ കൂ – കൂണ്, കാ- കാപ്സിക്കം പിന്നെ ഉരുളക്കിഴക്കിഴങ്ങും കൊണ്ടൊരു കറി.
നല്ല ഉണ്ടക്കൂണ് ,പത്തുപതിനഞ്ചെണ്ണം...ഒരു പാത്രത്തിൽ വെള്ളമെടുത്ത് അതിൽ കുറച്ച് മഞ്ഞൾപൊടിയും,ഉപ്പും ഇട്ട് അതിൽ കൂണുകൾ ഇട്ടുവെയ്ക്കാം, കഴുകലിന്റെ മുന്നോടിയായിട്ട്.[കീടനാശിനിപ്രയോഗങ്ങളെക്കുറിച്ചൊക്കെ വായിക്കുന്നതല്ലെ ..ഒരു മനസ്സമാധാനത്തിനു ഇതൊക്കെ നല്ലതാണ്]
ഒരു ഇടത്തരം വലിപ്പമുള്ള കാപ്സിക്കം.
രണ്ട് ഉരുളക്കിഴങ്ങുകൾ.
പിന്നെ ഒരു പകുതി സബോള.
പച്ചമുളക്- മൂന്നെണ്ണം.
വെളുത്തുള്ളി, കടുക് ,നല്ല ജീരകം, മഞ്ഞൾപ്പൊടി,കുരുമുളക് പൊടി, മല്ലിപ്പൊടി,കരയാമ്പൂ, മല്ലിയില, ഉപ്പ് ഇതൊക്കെ കുറേശ്ശെ വേണം.
പിന്നെ വേണ്ടത്, കുറച്ച് തേങ്ങപ്പാലാണ്.ഞാൻ, മാഗി കോകനട്ട് പൊടി, രണ്ട്മൂന്ന് സ്പൂൺ എടുത്ത് ചൂടുവെള്ളത്തിൽ കലക്കിയാണ് തേങ്ങാപ്പാൽ ആണെന്ന് സങ്കല്പിക്കുന്നത്.
അവസാനമായി എണ്ണ. അതും കുറച്ച് മതി.
ഇനി തുടങ്ങാം പാചകം.
ആദ്യം സബോള ചെറുതായിട്ടരിയുക.[ക്രോസ്-ക്രോസ്]..കൂടെ വെളുത്തുള്ളിയും, പച്ചമുളകും.
ഉരുളക്കിഴങ്ങ് തൊലികളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കുക..
അടുപ്പത്ത് പാൻ വെച്ച് ചൂടാകുമ്പോൾ, അതിലേക്ക് എണ്ണയൊഴിച്ച് അത് ചൂടാകുമ്പോൾ കടുകിട്ട് പൊട്ടിച്ച്,നല്ലജീരകമിട്ട് ഒന്നു മൂപ്പിച്ച്, അതിലേക്ക് സബോള ചേർക്കുക. അതിലേക്ക് വെളുത്തുള്ളി, കീറിയ പച്ചമുളക്, മൂന്നാല് കരയാമ്പൂവ് എന്നിവയും ചേർക്കുക. ഒന്ന് വാടിക്കഴിയുമ്പോൾ അതിലേക്ക് ഉരുളക്കിഴങ്ങ് കഷ്ണങ്ങൾ ചേർക്കുക. ചെറിയ തീയിൽ കുറച്ചുനേരം വെക്കുക..
ആ ഗാപ്പിലാണ് ഞാൻ കൂണ് കഴുകിയെടുത്ത് കഷ്ണങ്ങളാക്കുക.[ ക്ഷമയുള്ളവർക്ക് ആദ്യമേ തന്നെ ഭംഗിയായി കൂണും കാപ്സിക്കവും ,കഷ്ണങ്ങളാക്കി വെക്കാവുന്നതാണ്]. അടുപ്പത്തിരിക്കുന്ന സബോളയും ഉരുളക്കിഴങ്ങും അതിനിടക്ക് ഇളക്കിക്കൊടുക്കണം.. അരിഞ്ഞെടുത്ത കൂൺ കഷ്ണങ്ങൾ അതിലേക്ക് ചേർക്കുക.ഉപ്പും ചേർത്ത് വീണ്ടും ഇളക്കി. അതിലേക്ക് കുരുമുളകു പൊടിയും മഞ്ഞൾ പൊടിയും ആവശ്യത്തിനു ചേർക്കുക..അടച്ചുവെച്ച് വേവിക്കാൻ വെക്കുക. കൂണിൽ നിന്ന് തന്നെ വെള്ളം ഇറങ്ങുന്നത് കൊണ്ട് വേറെ വെള്ളം ചേർക്കെണ്ടതില്ല എന്നാണ് എന്റെ അനുഭവം.
അതിനെ വേവാൻ വിട്ടിട്ട്, കാപ്സിക്കം ചെറിയ കഷ്ണങ്ങളാക്കി അരിയാം. മുകളിൽ പറഞ്ഞ പ്രകാരം തേങ്ങപ്പാൽ നിർമ്മിക്കാം.
ഇനി മൂടി തുറന്ന്..വെന്ത് വരുന്ന കൂണിലേക്ക് കാപ്സിക്കം ചേർക്കണം..ഒന്നിളക്കി, ഒന്നുരണ്ട് മിനിറ്റിനു ശേഷം അരസ്പൂൺ മല്ലിപ്പൊടി ചേർത്ത് അതിലേക്ക്  തയ്യാറാക്കി വെച്ചിരിക്കുന്ന തേങ്ങാപ്പൽ ചേർക്കുക..ഒന്നിളക്കി യോചിപ്പിക്കുക. ആവശ്യമെന്ന് തോന്നുന്നുവെങ്കിൽ അല്പം ചൂടുവെള്ളം ചേർക്കാം.സ്വാദു നോക്കി ഉപ്പും ആവശ്യമെങ്കിൽ ചേർക്കാം. 
സംഭവം അടുപ്പിൽ നിന്നെടുത്ത്,വെളമ്പാനുള്ള പാത്രത്തിലേക്ക് മാറ്റി മല്ലിയിലയും [ മല്ലിയില ഇല്ലാത്തപ്പോൾ വേപ്പിലയും ചേർക്കാവുന്നതാണ്] ചേർത്ത് ചൂടോടെ മേശപ്പുറത്തെത്തിക്കുക.
കൂടെ കഴിക്കാനുള്ള ചപ്പാത്തി മുൻ കൂട്ടി റെഡിയായിരിക്കണമെന്ന് മാത്രം.
കഴിച്ചുനോക്കു, ഉഗ്രനല്ലെ നമ്മടെ കൂ-കാ- ഉരുളക്കിഴങ്ങ് കറി??

പിന്നെയീ കൂണിനെ പറ്റി പറയുകയാണെങ്കിൽ , പോഷകപ്രധാനിയായ ഒരു കിടിലൻ സാ‍ധനമാണ്.നല്ല പ്രോട്ടീൻ സമ്പുഷ്ടം.കൊഴുപ്പില്ലാതതും, ശരീരത്തിലെ കൊളസ്ട്രോളിന്റെ അളവ് കുറക്കാൻ സഹായിക്കുന്നതുമായ ഭ്ക്ഷവസ്തുവാണത്രെ ഇത്. അതുമാത്രമോ.. വിറ്റാമിൻ ഡി, ബി, കോപ്പർ, പൊട്ടാസിയം, ഫോസ്ഫരസ്, സിങ്ക്, മഗ്നീഷ്യം..ഇങ്ങനെ ഒരുപാട് ധാതുക്കളാലും സമ്പന്നം
കാപ്സികവും അക്കാര്യത്തിൽ ഒട്ടും മോശക്കാരനല്ല.
കാപ്സിക്കത്തിൽ  വിറ്റാമിൻ എ , സി എന്നിവ സുലഭമാണ്.സാധാരണ ജലദോഷം, പനി, ഡയബറ്റിക്, രക്തസമ്മർദ്ദം, കാൻസർ എന്നിങ്ങനെ ഒട്ടനവധി രോഗങ്ങളിൽ നിന്ന് നമ്മുടെ ശരീരത്തെ പ്രതിരോധിക്കാൻ കഴിവുണ്ടത്രെ ഈ കാപ്സിക്കം കക്ഷിക്ക്.

എതായാലും നമ്മുടെ ആഹാരത്തിൽ എന്തുകൊണ്ടും  ഉൾപ്പെടുത്തേണ്ടതു തന്നെയാണീ
കൂയും കായും എന്ന കാര്യതിൽ ഒരു സംശയവും വേണ്ട!!


Saturday, 4 June 2011

മഴ!


 ഞാൻ..

അടഞ്ഞ ജനലിനു പുറത്ത്
മഴ
താളവ്യത്യാസങ്ങളില്ലാതെ..

ഇരുട്ടിലീയിത്തിരി വട്ടത്തിൽ
ഗസലായി എന്നിലേക്ക്
മഴ..

എന്നെ എന്നിലേക്കെത്തിച്ച്,
നുണകളെ,
എന്റെ പൊയ്മുഖങ്ങളെ
കുതിർത്ത്..
ആത്മാവിലേക്ക് പെയ്തിറങ്ങുന്ന
മഴ പോലെ
മെഹ്ദി ഹസൻ പാടിക്കൊണ്ടിരിക്കുന്നു

ഈ ഏകാന്തത മാത്രമാണ് സത്യം.
ഈ ഇത്തിരി നിമിഷങ്ങളും
ഈ ഇരുട്ടും ഈ മഴയും,
കരളുപറിച്ചെടുക്കുമീ ഈണങ്ങളും,
ഉള്ള് നീറ്റും അറിയാ വ്യഥകളും
കവിളു നനയിക്കുമീ മിഴിനീരിൻ
ഇളം ചൂടും,
എന്നിലെയീ ഞാനും

ഇത് മാത്രമാണ് സത്യം..

മെഹദി ഹസൻ പാടിക്കൊണ്ടിരിക്കുന്നു..

അടഞ്ഞ ജനലിനു പുറത്ത്
മഴ
താളവ്യത്യാസങ്ങളില്ലാതെ..