Sunday 30 December 2012

മരിച്ചിട്ടും മരിക്കാതെയിവൾ


ഞാനെത്രാമത്തവളാണ്??
ഇവിടെയിങ്ങനെ വെറുമൊരു ഉടൽ മാത്രമായി
വലിച്ചിഴച്ച് കൊണ്ടിടപ്പെട്ടവരിൽ
എത്രാമത്തവളായിരിക്കും ഞാൻ?

നിറമുള്ള കുപ്പായങ്ങളൂരിയെറിഞ്ഞ്
വിറങ്ങലിച്ചിവിടെ കിടക്കുന്നുണ്ടെന്റെയുടൽ
കാഴ്ച്ചക്കളിലേക്ക്
 പൊടുന്നനെ വന്നു വീണ്
പരക്കുന്ന മഞ്ഞിന്റെ
നരച്ചുറഞ്ഞ നിസ്സംഗത പോലെ.

ചുറ്റിലും
ഓരോ അമ്മയുടെ നെഞ്ചിലും
ചിരി മറന്നൊരു മകൾ
അന്തം വിട്ടിരിക്കുന്നുണ്ട്.
ഓരോ മുഖങ്ങളിലും
ഒഴുക്കിക്കളയാൻ കണ്ണീരില്ലാതെ
അള്ളിപ്പിടിച്ചിരിക്കുകയാണ്
ചത്തുമലച്ച നിശ്ചലത.

ഒടുവിൽ
എല്ലാമൊരുപിടി ചാരമാകുമെന്ന്
കത്തിപ്പടർന്നു തുടങ്ങുന്നുണ്ട്
 ഒരു ചിത.
ഓർമ്മകളിൽ നിന്ന്
ജീർണ്ണഗന്ധങ്ങളൂറ്റിയെടുക്കണമെന്ന്
കൂട്ടിയിട്ട ചന്ദനമുട്ടികൾ.
ദഹിച്ചു തീരണ്ടയെനിക്കെന്ന
മരണം വിഴുങ്ങിയ മുറവിളികൾക്കു മീതെ
 ആളിത്തുടങ്ങുന്നുണ്ട് തീനാളങ്ങൾ
എങ്ങനെയില്ലാതാക്കാനാണീ
നെയ്തുകൂട്ടിയ സ്വപ്നങ്ങളെ?
എത്ര കനലുകൾ കോരിയിട്ടാലാണ്
കത്തിക്കാനാവുക,
ഓരോ അണുവിലൂടെയും തുളഞ്ഞുകയറിയ ,
പ്രാകി പ്രാകി പുകഞ്ഞു നാറുന്ന,
വേദനയുടെ പിടച്ചിലുകളെ.

ഞാനെത്രാമത്തവളാണ്??
ഉടലിന്റെ കനമില്ലായിരുന്നെങ്കിൽ
നെയ്തുകൂട്ടിയ സ്വപ്നങ്ങളിലെന്നും
പറന്നു നടക്കാമായിരുന്നെന്ന്,
അവസാന ശ്വാസത്തിലൂടെയും
ജീവിതത്തിലേക്ക്
വലിഞ്ഞുകയറാൻ ശ്രമിച്ചവരിൽ
എത്രാമത്തവളായിരിക്കും ഞാൻ??

No comments:

Post a Comment