Wednesday, 24 August 2011

കുത്തിവരകൾ!

മനസ്സ് തല്ലിപൊളി മൂഡിലേക്ക് കൂപ്പുകുത്തി വീണിട്ട് കുറച്ചു ദിവസമായി. ഒരു നൂറു കൂട്ടം കാര്യങ്ങൾ ചെയ്യണം ചെയ്യണമെന്ന് തോന്നൽ..ഒന്നും ചെയ്തുതുടങ്ങണ്ടാ എന്ന് ഇടഞ്ഞു നിൽക്കുന്ന മനസ്സ്.
മൂഡ് ശരിയാക്കാൻ ആകെ ചെയ്യാവുന്നത് ചിത്രം വരയാണ്.

അങ്ങനെ ഇന്ന് രാവിലെ തന്നെ മൂഡിനെയൊന്ന് ശരിയാക്കിയിട്ട് തന്നെ കാര്യം എന്നും വിചാരിച്ച്, തപ്പിയെടുത്തത് മൂലക്ക് കിടന്ന കുറച്ച് പെയിന്റ് ട്യൂബുകളും രണ്ട് ബ്രഷുകളും.വാട്ടർകളറാണ്. കുറെ ട്യൂബിലെ പെയിന്റൊക്കെ കട്ട പിടിച്ചിരിക്കുന്നു. എന്നാലും ഉള്ളത് വെച്ച് കുത്തിവര തുടങ്ങി.തോന്ന്യവാസ വര. സത്യം പറഞ്ഞാൽ വരക്കാനറിയാഞ്ഞിട്ടാണീ തോന്ന്യവാസ വര.  വരക്കണം ന്ന് വല്ലാത്ത ഇഷ്ടം.മനസ്സിലു നിറയെ നിറങ്ങൾ. ചിത്രങ്ങൾ. പക്ഷെ വരക്കാനറിയില്ല. റ്റാലന്റ് വേണം റ്റാലന്റ്!! ആ സംഭവമാണ് ഇല്ലാത്തതും!എന്നാലും ഞാൻ പരീക്ഷണങ്ങളിലാണ്.

കുട്ടിയായിരിക്കുമ്പഴേ വരക്കാനിഷ്ടമായിരുന്നു. അന്ന് ഞങ്ങൾ താമസിച്ചിരുന്ന വാടകവീടിന്റെ ചുവന്ന തറയിൽ, സ്കൂളിൽ നിന്ന് പെറുക്കിയെടുത്ത് കൊണ്ടുവരുന്ന ചോക്കുകഷ്ണങ്ങൾ കൊണ്ട് ചിത്രം വരക്കൽ അവധി ദിവസങ്ങളിലെ പ്രധാനയിനമായിരുന്നു. വാപ്പിച്ചി, പിന്നെ ഞാനും അനിയനും കൂടിയാണ് ഉച്ചയൂണിനു ശേഷം മുൻ വശത്തെ മുറിയിൽ കാറ്റൊക്കെ കൊണ്ട് ഈ തറവര പരിപാടിക്കിരിക്കുക. എഴുതലും വരക്കലും കഥ പറയലും ഓരോ കളികളുമൊക്കെയായി രസകരമായിരുന്നു ആ ഉച്ചകൾ. അന്നത്തെ വരകൾ മുഴുവൻ ആന, കുതിര, ജിറാഫ് തുടങ്ങി എല്ലാവിധ ജീവജാലങ്ങളെയുമായിരുന്നു. അതിനിടക്ക്, വാപ്പിച്ചി ഒരു കാര്യം കണ്ടുപിടിച്ചു. അനിയനേ വരക്കാനറിയു. എന്നെ ആ പരിപാടിക്ക് കൊള്ളില്ല. ആ പറഞ്ഞത് വെറുതെയായിരുന്നില്ല. അവന്റെ കുഞ്ഞിക്കയ്യിനു വരകൾ നല്ലവണ്ണം വഴങ്ങുന്നുണ്ടായിരുന്നു. അവൻ വരച്ചത് നോക്കുമ്പോൾ ഞാൻ വരക്കാത്തത് തന്നെയാന് നല്ലതെന്ന് എനിക്കും തോന്നാൻ തുടങ്ങി. അങ്ങനെ പയ്യെ പയ്യെ ഞാനെന്റെ തറവര നിർത്തി കാഴ്ച്ചക്കാരിയാവാൻ തീരുമാനിച്ചു.

എന്നിട്ടും പോയില്ല എന്റെ വരമോഹം. അഞ്ചാംക്ലാസിലെത്തിയപ്പോ ഡ്രോയിങ്ങ് പിരീഡ് ഉണ്ടായിരുന്നു. എന്തായാലും വരച്ചുകാണിച്ചിട്ടു തന്നെ കാര്യം എന്ന് തീരുമാനിച്ചിട്ടാണ് ഡ്രോയിങ്ങ് ക്ലാസിനു വേണ്ടി കാത്തിരുന്നത്. ഡ്രോയിങ്ങ് പിരീഡിൽ എന്നും ഓരോ ചിത്രം വരക്കും. മാഷ് കാണിച്ചുതരുന്നൊരു ചിത്രം.വള്ളിപുള്ളി വിടാതെ അതുതന്നെ വരയ്ക്കണം എല്ലാരും. അടുത്ത ആഴ്ച്ച വരുമ്പോഴേക്കും അത് കളറൊക്കെ ചെയ്ത് മുഴുവനാക്കി ഭംഗിയാക്കി ചെയ്ത് കൊണ്ടുവരികയും വേണം. ഏറ്റവും നല്ല അഞ്ച് ചിത്രങ്ങൾ എല്ലാവർക്കും കാണാൻ വേണ്ടി തിരഞ്ഞെടുത്ത് ബോർഡിൽ  വെയ്ക്കും, മാഷ്. കുറെ  സമയമൊക്കെയെടുത്ത് കാര്യമായിത്തന്നെ ചിത്രം വരച്ച് എല്ലാ ആഴ്ച്ചയും കൊണ്ടുമാകുമായിന്നു ഞാൻ. പക്ഷെ ആ മാഷിനു എന്റെ ചിത്രം ഒറ്റ ദിവസം പോലും ഇഷ്ടപ്പെടുമായിരുന്നില്ല. ഹും..കഴിവ് വേണം കഴിവ്!! അതില്ലാഞ്ഞതാവും കുഴപ്പം!

എന്നും മാഷ് ആദ്യമെടുക്കുന്നത് രമണിയുടെ ചിത്രമായിരുന്നതിനാൽ എനിക്കാ കുട്ടിയോട് കുറച്ചൊന്നുമല്ല അസൂയയുണ്ടായിരുന്നത്. എന്തൊക്കെയായാലും അന്ന് ചിത്രം ബോർഡിൽ വച്ചിരുന്നില്ലെങ്കിലും ,അറിയാവുന്ന വല്ല പണിയും ചെയ്യാൻ നോക്ക് എന്നൊരു ഭാവത്തോടെ ഡ്രോയിങ്ങ് മാഷ് എന്നെ വീണ്ടും വീണ്ടും നിരുത്സാഹപ്പെടുത്തിയിരുന്നെങ്കിലും എനിക്ക് ഞാൻ വരക്കുന്നതിനോടൊക്കെ സ്വകാര്യമായ എന്തോ ഒരിഷ്ടം ഉണ്ടായിരുന്നു. ബോർഡിൽ വക്കുന്ന ചിത്രങ്ങളേക്കാൾ എന്റെ ചിത്രം തന്നെയാണ് നല്ലത് എന്ന് ഞാനെന്നോട് തന്നെ സങ്കടത്തോടെ പറയാറുണ്ടായിരുന്നു. ആരും കാണാതെ കുത്തിവരച്ച് ഞാനെന്റെ വര മോഹം കൊണ്ടുനടന്നു. പിന്നെ എപ്പഴോ അതും ഇല്ലാതായി.
കാലമൊരുപാട് കഴിഞ്ഞു.
പ്രാവസജീവിതം..ഒരു കത്തുന്ന വേനൽക്കാലം.പെട്ടെന്നൊരു ദിവസം വിചാരിച്ചിരിക്കാതെ വരക്കാൻ മുട്ടി. എന്നാൽ പിന്നെ വരച്ചുനോക്കിയിട്ടു തന്നെ എന്ന് ഉറപ്പിച്ച് കുറച്ചു പെയിന്റും ബ്രഷും ഒക്കെ വാങ്ങി വരക്കാൻ തുടങ്ങി.ആരും നോക്കാൻ വരാനില്ല. ആർക്കുമൊരു ചേതവുമില്ലാത്ത കാര്യം. വരച്ചതൊക്കെ എന്തൊക്കെയോ കുത്തിവരകൾ. എന്നാലും മനസ്സു നിറയെ പറഞ്ഞറിയിക്കാനാവാത്തൊരു ആഹ്ലാദം. ഞാൻ കണ്ടെത്തിയ എന്റെമാത്രമായൊരു   ഇടം എന്ന  ആഹ്ലാദം. എന്നെ എന്നിലേക്കെത്തിക്കാനാവുന്നത്  ഈ വരകൾക്ക് മാത്രമാണെന്നൊരു രഹസ്യകണ്ടെത്തലും.
പറഞ്ഞ് പറഞ്ഞ് കാടുകയറി.
ഇന്ന് മൂഡ് ശരിയാക്കൽ നടത്തിയതിനെ പറ്റിയാണ് പറയാൻ വന്നത്.ആ വരയിതാ..ഇത്തിരി നേരം കൊണ്ടൊരു കുത്തിവര നടത്തി, ഇവിടെയിരുന്ന് ഇങ്ങനെയിത്തിരി പഴങ്കഥകളും എഴുതിപ്പിടിപ്പിച്ചുകഴിയുമ്പോഴേക്ക് എന്റെ മൂഡൊക്കെ പയ്യെ പയ്യെ തെളിഞ്ഞുവരുന്നത് എനിക്ക് കാണാൻ പറ്റുന്നുണ്ട്. അത്രയൊക്കെയല്ലെ നമുക്കും വേണ്ടു!!

Friday, 5 August 2011

കുക്കു സംഭാരം!!

നാട്ടിൽ മഴ. കോരിച്ചൊരിയുന്ന മഴ.അന്തമില്ലാതെ തോന്നുമ്പൊ തോന്നുമ്പൊ പെയ്തുവീഴുന്ന മഴ.എന്നാലും അവധിദിവസങ്ങൾക്കൊടുവിൽ പെട്ടിയും കെട്ടി തിരിച്ച് യാത്രക്കിറങ്ങുമ്പോൾ, മഴ പെയ്യാതെ നിന്നു.പോകുന്നോരൊക്കെ പോയിട്ടിനി പെയ്തൊളാമെന്നൊരു പരിഭവത്തോടെ..പ്ലെയിനിൽ സീറ്റിൽ കൂനിക്കൂടിയിരുന്ന് ബോധമില്ലാതെ ഒന്നുറങ്ങി എണീറ്റപ്പോഴേക്കും എത്തിയത് കത്തിയെരിയുന്ന മരുഭൂവിന്റെ ചൂടിൽ.ഉള്ളും പുറവും പുകയ്ക്കുന്ന ചൂട്.അടഞ്ഞ മുറിയിൽ എസി എത്ര കൂട്ടിയിട്ടിട്ടും തൊലിപ്പുറത്തുനിന്ന് ഉള്ളിലെരിയുന്ന പൊള്ളുന്ന ചൂടിലേക്ക് ഒഴുകിയിറങ്ങാനാവാത്ത തണുപ്പ്!

അങ്ങനെ സ്വയം തണുപ്പിക്കൽ  ശ്രമങ്ങളുടെ ഭാഗമായാണീ കുക്കുംബറിലെത്തിയത്..കുകുംബർ ശരിക്കുമൊന്ന് തണുപ്പിച്ചു എന്ന് പറയാതെ വയ്യ.മോരും ഒരു തണുപ്പിക്കൽ സംഭവമായതുകൊണ്ട് രണ്ട് കാര്യങ്ങളും കൂട്ടി നടത്തിയ  പരീക്ഷണങ്ങളിൽ ഒന്നാണീ കുക്കു സംഭാരം.
എളുപ്പമായിട്ടുണ്ടാക്കാം.

രണ്ട് കുക്കുംബർ തൊലി കളഞ്ഞ് കഷ്ണങ്ങളാക്കിയത്.

കട്ടിമോര് ഒന്നര ഗ്ലാസ്.
ഒരു വളരെ ചെറിയ കഷ്ണം ഇഞ്ചി.
ആവശ്യത്തിനു ഉപ്പും.
ഇഞ്ചി കഷ്ണം ചതച്ച്, കുക്കുംബറും മോരും  അല്പം വെള്ളവും ആവശ്യത്തിനു ഉപ്പും ചേർത്ത് മിക്സിയിൽ നന്നായി അടിച്ചെടുക്കുക.
അത്രയേ ഉള്ളു പണി!
ഇതാ സംഭാരം റെഡി!!!

ഉഗ്രൻ സംഭാരമെന്ന് ആരും പറയും. രണ്ട് ഗ്ലാസ് സംഭാരം അകത്താക്കിയാൽ അകത്തെ എസിയും തണുപ്പിക്കൽ പരിപാടി ഉടൻ തുടങ്ങുമെന്നുറപ്പ്.
‘be cool as a cucumber' ന്നു പറയുന്നത് ശരിക്കും വാസ്തവം!

ഉള്ളൊന്ന് തണുത്തപ്പോൾ കുകുംബറിനെ പറ്റി ഒരു ഓടിച്ചുനോട്ടം നടത്തി.
ജലാംശം ഏറ്റവും കൂടുതലുള്ളത് കുകുംബറിൽ തന്നെയാണെന്ന് മാത്രമല്ല, കുകുംബറിനകത്തെ തണുപ്പ് പുറത്തെ താപനിലയേക്കാൾ 20 ഡിഗ്രി കുറവാണത്രെ.
കൂടാതെ ഈ സംഭവം വിറ്റാമിൻ -സി, വിറ്റാ‍മിൻ -എ , കാൽ സ്യം, മഗ്നീഷ്യം, പൊട്ടാഷ്യം, അയേൺ..തുടങ്ങിയ വിറ്റാമിനും ധാതുക്കളും കൊണ്ട് സമ്പന്നവുമാണ്.
അങ്ങനെയങ്ങനെ പോകുന്നു കുക്കുംബർ പുരാണം.
ഏതായാലും ചൂട് കൊണ്ട് ഉള്ള് പുകഞ്ഞിരിക്കുന്നവർ ഉടനെ ഇത്തിരി സംഭാരമുണ്ടാക്കി  കുടിച്ച് ഒന്ന്  കൂളായിക്കോളു.