Monday 31 October 2011

മലമുകളിലെ തടാകം.

ഒരുപാടൊരുപാട് യാത്ര ചെയ്യണം എന്നത് എന്നും എപ്പോഴും മനസ്സിൽ കൊണ്ടുനടക്കുന്നൊരു സ്വപ്നമാണ്. അറിയാനാടുകളിലൂടെ അപരിചിത വഴികളിലൂടെ വ്യ്ത്യസ്ഥമായ സംസ്കാരങ്ങളിലൂടെ കാഴ്ചകളിലേക്ക് തുറന്നുവെച്ച കണ്ണുമായി, ലക്ഷ്യമില്ല്ലാത്ത യാത്ര.

സ്വപ്നം എന്നും മനസ്സിൽ കൊണ്ടുനടക്കുന്നുണ്ടെങ്കിലും കാര്യമായ യാത്രകളൊന്നും നടത്തിയിട്ടില്ല ഇതുവരെ. അവധികൾക്ക് നാട്ടിലെത്തുമ്പോൾ അടുത്തുള്ള ഏതെങ്കിലുമിടങ്ങളിലേക്കുള്ള കുഞ്ഞുകുഞ്ഞുയാത്രകളല്ലാതെ.
ഇപ്രാവശ്യം വീട്ടിലെത്തിയപ്പോൾ പ്ലാനിട്ട യാത്ര വയനാട്ടിലേക്കായിരുന്നു. എല്ലാവരുടേയും സൌകര്യമൊക്കെ നോക്കി ഞായറാഴ്ച്ചത്തേക്ക് വെച്ചു യാത്ര. ജൂലായിലെ നല്ല കിടുകിടുപ്പൻ മഴ..തലേ ദിവസം രാത്രിയിലും കൂടി തകർത്ത് തകർത്ത് പെയ്തു. പോകാൻ പറ്റുമോ എന്ന് എല്ലാവർക്കും സംശയം മനസ്സിൽ. രാവിലെയും മഴയാണെങ്കിൽ കാടിനു പകരം കടൽ കാണാൻ പോകാം എന്നുവരെ തീരുമാനിച്ചു അനിയൻ. രാവിലെ എഴുന്നേറ്റപ്പോൾ  കൊല്ലത്തിലൊരിക്കലെ ഞങ്ങളുടെ യാത്ര മുടക്കേണ്ടെന്നു കരുതിയാവും മാനത്തിത്തിരി തെളിച്ചം. എന്നാലും എല്ലാവരും ഒരുങ്ങി റെഡിയായി ഇറങ്ങിയപ്പോഴേക്കും ഇത്തിരി വൈകി. യാത്ര പുറപ്പെടുമ്പോഴേക്കും മഴ കുടഞ്ഞുകളഞ്ഞ് വെയിൽ ചിരിയുമായി നിന്നു പ്രകൃതി.
അടിവാരത്തെ ഹോട്ടലിൽ കയറി കഴിക്കാൻ. ആ വഴിയുള്ള യാത്രകളിൽ എന്നും അവടെ നിന്നാണ് ഭക്ഷണം. അവടെ പ്രഭാതഭക്ഷണസമയം അവസാനിക്കാറായിരുന്നു.എന്നാലും ഉള്ളതുകൊണ്ടൊക്കെ എല്ലാവരും വയറു നിറച്ചു.
ഇനി കയറ്റമാണ്.ഇനിയാണ് ശരിയായ യാത്ര. ചുരം കയറൽ. കയ്യിൽ ക്യാമറയുള്ളതുകൊണ്ടും എന്റെ യാത്രക്കൊതിയെല്ലാവർക്കും അറിയുന്നതുകൊണ്ടും എപ്പോഴും ഒരു സൈഡ് സീറ്റിനെക്കുറപ്പാണ്. 

കാടും ചുരവും മഞ്ഞും ഒക്കെ എന്നുമൊരു ഹരമാണ്. പുറത്തെ കാഴ്ചകളിലേക്ക് കണ്ണും കാതും മനസ്സും എറിഞ്ഞുകൊടുത്ത് ചുരം കയറി കയറി പോകുമ്പോൾ, ഒരിക്കലുമവസാനിക്കരുതെ ഈ യാത്ര എന്ന് ഉള്ള് കൊതിക്കും.   വന്യമായ താഴ്വരകളിലൂടെ ഒരു തൂവലു പറന്ന് പറന്ന് പോകുന്ന അവസ്ഥ.
ചുരത്തിനിടയിൽ ഒന്ന് വണ്ടി നിർത്തി..താഴെക്കൂടെ തീപ്പെട്ടിക്കൂട് പോലെ ബസുകൾ പോകുന്നത് കാണാൻ കുട്ടികൾക്ക് ഹരം.
പിന്നെ യാത്ര തുടർന്നപ്പോൾ കുട്ടികൾടെ ഹരം കുരങ്ങന്മാരെ കാണാനായി .കുറച്ചുകൂടി മുന്നോട്ട് പോയപ്പോൾ കുരങ്ങന്മാരുടെ ബഹളം. കടന്നുപോകുന്നവരെല്ലാം അവടെ വണ്ടി നിർത്തിയിറങ്ങുണ്ട്. താഴ്വരയുടെ ഭംഗി ആസ്വദിക്കാനും, കുരങ്ങന്മാരെ കാണാനും.  ഇപ്പഴത്തെ കാലത്തെ കുരങ്ങന്മാർക്കും അറിയാം യാത്രക്കരുടെ മുന്നിൽ എങ്ങനെ ഷൈൻ ചെയ്യണമെന്ന്.

 അവടെയിറങ്ങിയ കൂട്ടത്തിൽ എന്റെ ക്യാമറയ്ക്കും കിട്ടി ഒരു നല്ല കുരങ്ങൻ ഫോട്ടോ.








പൂക്കോട് തടാകമാണ് ഞങ്ങളുടെ ലക്ഷ്യം. ചുരം കയറിക്കഴിഞ്ഞ് വൈത്തിരിയും കഴിഞ്ഞ് നാലഞ്ച് കിലോമീറ്റർ മുന്നോട്ട് പോയപ്പോൾ ഇടതുവശത്തേക്ക് പൂക്കോട് തടാകത്തിലേക്കുള്ള വഴി കണ്ടു. വയനാട് വഴി കടന്നുപോയിട്ടുണ്ട് എന്നതല്ലാതെ വയനാട്ടിലെ സ്ഥലങ്ങളൊന്നും കാ|ണാൻ അവസരമുണ്ടായിട്ടില്ല. പൂക്കോട് തടാകം എന്ന് അനിയൻ പറഞ്ഞപ്പോൾ തന്നെ തോന്നിയത് വല്ലാത്തൊരൽഭുതമാണ്. ചുരം കയറി ഇത്രയും മുകളിലെത്തിയിട്ട് അവടെയൊരു തടാകമോ എന്ന്!  തടാകത്തിനടുത്തെത്തിയപ്പോഴേക്കും ചെറിയ ചാറ്റൽമഴ വന്നു. റോഡരികിൽ വരിയായി ഒരുപാട് വണ്ടികൾ. ഈ മഴക്കലത്തും ഒരുപാട് സഞ്ചാരികൾ.

മനോഹരമായ തടാകം. പ്രകൃതിദത്തമായ തടാകം അതേ പടി തന്നെ സരംക്ഷിച്ചിട്ടുണ്ട്. ചുറ്റും നല്ല കാട്. പച്ചപ്പിനിടയിൽ ശാന്തമായ സുന്ദരമായ തടാകം. രണ്ടുനാല് ബോട്ടുകൾ യാത്രക്കാരുമായി തടാകത്തിൽ കറങ്ങിവരുന്നുണ്ട്.ചാറ്റൽ മഴ പോയി നേരിയ വെയിൽ വന്നു വീണ്ടും.  ഞങ്ങളും ഒരു ബോട്ടിൽ കയറി ഒന്നു തടാകം ചുറ്റാൻ തീരുമാനിച്ചു. തുഴയുന്ന ബോട്ടാണ്. ഞങ്ങൾഏഴുപേർക്കും കയറാവുന്നത്. തുഴച്ചിൽ കാരൻ  രസികനായിരുന്നു. അയാൾ തുഴച്ചിലിനിടയിൽ തടാകത്തിനെ പറ്റി  പഠിച്ചുവെച്ചിരിക്കുന്ന  കാര്യങ്ങൾ പറയാൻ തുടങ്ങി. സമുദ്രനിരപ്പിൽ നിന്ന് 2100 മീ ഉയരെയാണീ തടാകം.മലമുകളിലെ ശുദ്ധജലതടാകം. നല്ല തെളിഞ്ഞ ജലം..ബോട്ടുകൾ പോകാത്ത വെള്ളമനക്കമില്ലാത്ത ഇടങ്ങളിൽ മുഴുവൻ വയലറ്റ് നിറത്തിൽ നിറയെ നീലത്താമരകൾ.നടുഭാഗത്ത് ഏറ്റവും കൂടുതൽ ആഴമുള്ളിടത്ത് തന്നെ അഞ്ചാറു മീറ്റർ താഴ്ച്ചയേ ഉള്ളു. ചുറ്റുമുള്ള കാടിനു വല്ലാത്ത ഭംഗി. തുഴച്ചിൽ കാരൻ വാ തോരതെ വിശേഷങ്ങൾ പറയുന്നുണ്ട്.അയാളുടെ സ്ഥിരപ്പേടാത്ത ജോലിയെ പറ്റിയും, സീസൺ വരുമ്പോഴുള്ള തിരക്കിനെപറ്റിയുമൊക്കെയായി ഇടക്ക് സംസാരം.അയാളുടെ അരികിലായിരുന്ന അച്ചുവിന്റെ കയ്യിൽ നിന്ന് ക്യാമറ വാങ്ങി ഞങ്ങളുടെ എല്ലാവരുടെം കൂടെ ഒരു ഫോട്ടോയും എടുത്തു കക്ഷി. .ഇടക്ക് വീണ്ടും തടാകക്കാര്യങ്ങളിലേക്ക് വിഷയം തിരിച്ചെത്തി. തടാകത്തിന്റെ പേര് പൂക്കാട് തടാകം എന്നായിരുന്നത്രെ. ഏതുകാലത്തും ചുറ്റുമുള്ള മരങ്ങളിൽ ഏതെങ്കിലിലുമൊക്കെ പൂവുണ്ടാവുമത്രെ. പൂക്കാട് മാറിമാറി പൂക്കോടായി എന്ന് അയാളുടെ കഥ. തടാകത്തിന്റെ പ്രത്യേക ഒരു ആകൃതിയുണ്ട്. അതെന്തെന്നായി അയാളുടെ അടുത്ത ചോദ്യം. പേര് പൂക്കോട് എന്നായതുകൊണ്ട് പൂവിന്റെ ആകൃതിയാണെന്ന് എന്റെയുത്തരം.അത് തെറ്റായിരുന്നു. ഒന്നു ശരിക്കും ചുറ്റും നോക്കിയാൽ മനസ്സിലാകുമെന്നൊക്കെ അയാൾ ഉത്തരം പറയാൻ പ്രോത്സാഹിപ്പിച്ചെങ്കിലും സമ്മാനമൊന്നുമില്ലാത്തതുകൊണ്ടാകും ഉത്തരം പറയാനൊന്നും ആരും മെനക്കെട്ടില്ല. താടാകത്തിന്റെ നടുവിൽ ബോട്ടിലിരുന്ന് നോക്കിയിട്ട് എനിക്ക് ആകൃതിയൊന്നും മനസ്സിലായതുമില്ല. അവസാനം അയാൾ തന്നെ പറഞ്ഞുതന്നു ഉത്തരം. തടാകത്തിനു ഇന്ത്യയുടെ ആകൃതിയാണത്രെ. പറഞ്ഞുകഴിഞ്ഞപ്പോൾ അങ്ങനെയാണ് ആകൃതിയെന്ന് തോന്നാതെയുമിരുന്നില്ല.











അത് പറയുന്ന സമയത്ത് ഞങ്ങൾ രാജസ്ഥാൻ കഴിഞ്ഞ് ഗുജറാത്തിനരികിലെത്തിയിരുന്നു.യാത്ര പുറപ്പെട്ട കേരളതീരത്തേക്കാണ് ബോട്ട് നീങ്ങിക്കൊണ്ടിരുന്നത്. മരങ്ങൾക്കിടയിൽ സന്ദർശകർക്ക് തടാകഭംഗി കണ്ടിരുന്ന് വിശ്രമിക്കാൻ കെട്ടിയ ചെറിയൊരു വിശ്രമമന്ദിരവും കണ്ടു.

ബോട്ട് യാത്രയേക്കാൾ രസകരമായ കാര്യമായിരുന്നു അടുത്ത പരിപാടി. പതിമൂന്നേക്കറോളം വരുന്ന തടാകത്തിനു ചുറ്റുമായൊരു നടപ്പാതയുണ്ട്.കാടിനും തടാകത്തിനുമിടയിലൂടെയുള്ള ആ വഴിയിലൂടെ നടന്ന് തടാകം ചുറ്റി വരാം.

 ഉമ്മിയും കണ്ണനുമാണ് മുന്നിൽ നടത്തം തുടങ്ങിയത്. നല്ല രസികൻ വഴി. കുറച്ചുനടന്നപ്പോൾ കണ്ണനു കാലുകഴച്ച് അവൻ തിരിഞ്ഞു നടന്നു. നടന്നുമതിയായില്ലെന്ന് ഉമ്മിയുടെ മുഖ:ത്തെ വിഷമം. ഉമ്മി ഇതിനുമുമ്പും പല തവണ വന്നിട്ടുള്ളതാണിവിടെ. യാത്ര എന്നാൽ അത്യുത്സാഹത്തോടെ ആദ്യം ചാടിപ്പുറപ്പെടുക ഉമ്മിയാണ്.വല്ല കാടോ മലകയറ്റമോ ഒക്കെയുണ്ടെങ്കിൽ ഉമ്മി ഡബ്ൾ ഹാപ്പി. പിന്നെ ഉമ്മിയെ യാത്രക്കു കൂട്ടിയാൽ ചക്ക അട, അസ്സൽ അരിയുണ്ട തുടങ്ങിയ കുറെ നാടൻ സ്നാക് ഐറ്റംസും ഒക്കെ റെഡിയായിരിക്കും വണ്ടിയിൽ. അതുകൊണ്ട് ആരെങ്കിലും യാത്ര പരിപാടിയിട്ടാൽ എപ്പോഴും ഉമ്മിയുമുണ്ടാകും ലിസ്റ്റിൽ. എത്ര പ്രാവശ്യം വന്നാലും ആദ്യമായി വരുന്നതു പോലത്തെ കൌതുകമാണ് ഓരോ പ്രാവശ്യവും.

പിന്നെ ഞാൻ തനിച്ചായി നടത്തം. എതിർ ദിശയിലേക്ക് നടത്തം തുടങ്ങിയ പലരും എന്നെ കടന്നു പോകുന്നുണ്ടായിരുന്നു. കുറച്ചുനടന്നപ്പോഴേക്കും പിറകിൽ നിന്ന് അച്ചുവും മമ്മയും ഓടിയെത്തി എന്റൊപ്പം.

നല്ല കാട്ടുവഴി മുന്നിൽ . കാട്ടുമൃഗങ്ങളുണ്ടാകുമോ എന്ന പേടിയൊന്നും തോന്നതെ സുഖകരമായൊരു നടത്തം. പലതരം ചിത്രശലഭങ്ങൾ, പേരറിയാത്ത ചെടികൾ, മരങ്ങൾ. മഴക്കാലമായതിനാൽ കാലിൽ കടിച്ചു തൂങ്ങി ചോര കുടിക്കുന്ന അട്ടയുണ്ടാകുമെന്ന് പറഞ്ഞിരുന്നു, ബോട്ടുകാരൻ. പക്ഷെ അട്ടകളുടെ പൊടി പോലുമുണ്ടായിരുന്നില്ല കണ്ടുപിടിക്കാൻ. ഒരൊറ്റ കുരങ്ങനെ പോലും അവടെയെങ്ങും കണ്ടില്ല.കുരങ്ങന്മാരെല്ലാം നല്ല കാട് വിട്ട് റോഡരികിലെ മരങ്ങളിലാവണം താമസം.


മരങ്ങൾക്കിടയിലൂടെ തടാകം കണ്ട് കാട്ടുവഴിയിലൂടെയുള്ള നടത്തം ശരിക്കും നല്ലൊരനുഭവമായി. കുട്ടിക്കാലം തിരിച്ചുകിട്ടിയ പോലെ വല്ലാത്തൊരാഹ്ലാദം നിറഞ്ഞു മനസ്സിൽ.. കയറാൻ പറ്റുന്ന മരങ്ങളിലേക്കൊക്കെ അച്ചു ഓടിക്കയറി.ഞങ്ങളും അച്ചുവിന്റെ ഒപ്പം തൂങ്ങിക്കിടക്കുന്ന വേരുകളിൽ തൂങ്ങിയാടി ബഹളമുണ്ടാക്കി.

നടത്തം അവസാനിക്കാറായപ്പോഴേക്കും മഴ പിന്നെയും വന്നു. ഇപ്രാവശ്യം മഴ വെറുതെ ചാറി പോകാതെ പെയ്യാൻ തുടങ്ങി. ചുറ്റിനടന്നിരുന്ന ആളുകൾ തടാകക്കരയിലെ കോഫി കടയിലും കരകൌശല സാധനങ്ങളും തേനുമൊക്കെ വിൽക്കുന്ന ചെറിയ ചെറിയ കടകളുടെ അരികുകളിലുമൊക്കെ  ഓടിക്കയറി.


ബാക്കി കാഴ്ച്ചകളൊന്നും കാണാൻ നിൽക്കാതെ മഴ നനഞ്ഞ് വണ്ടിയിലേക്ക് തിരിച്ചു നടക്കുമ്പോൾ ഇനിയുമിനിയുമീവഴി വരണമെന്നാണ് മനസ്സ് പിറുപിറുത്തത്.


9 comments:

  1. ധാരാളം പ്രാവശ്യം വയനാട്ടില്‍ പോവുകയും വയനാട്ടില്‍ കൂടെ യാത്ര ചെയ്യുകയും പൂക്കോട് തടാകം സന്ദര്‍ശിക്കുകയും ചെയ്തിട്ടുണ്ട്. ഇത് വായിച്ചപ്പോള്‍ വീണ്ടും അവിടെയെത്തിയ പ്രതീതിയുണ്ടായി. അഭിനന്ദനങ്ങള്‍.
    http://surumah.blogspot.com

    ReplyDelete
  2. പൂക്കോട് തടാകത്തിലൂടെയൊന്നു ചുറ്റിക്കറങ്ങിയ പ്രതീതി...തടാകത്തിന്റെ ആ ചിത്രങ്ങള്‍(നാലാമത്തേയും അഞ്ചാമത്തേയും) വല്ലാതെ പ്രലോഭിപ്പിക്കുന്നൂട്ടോ.....

    ReplyDelete
  3. വായിക്കാനെത്തിയതിനു നന്ദി, അഹമദ്, ബിന്ദു.

    ReplyDelete
  4. മനോഹരമായ ചിത്രങ്ങൾ...
    സസ്നേഹം,
    പഥികൻ

    ReplyDelete
  5. nalla anubhavam.
    nalla ezhuthu.
    nanmakal.

    ReplyDelete
  6. നന്ദി, പഥികൻ, മനൊജ്.

    ReplyDelete
  7. Espetaculares imagens! Parabéns. valeriasouza-telas.blogspot.com Grande abraço.

    ReplyDelete
  8. ഇവിടെ പോകാനുളള ഭാഗ്യം ഉണ്ടായിട്ടില്ല. ഇത് വായിച്ചപ്പോ അവിടെ പോയതുപോലെ....

    ReplyDelete
  9. ഇവിടെ പോകാനുളള ഭാഗ്യം ഉണ്ടായിട്ടില്ല. ഇത് വായിച്ചപ്പോ അവിടെ പോയതുപോലെ....

    ReplyDelete