Monday, 24 October 2011

പ്രത്യാശയുടെ ഇത്തിരിവെട്ടങ്ങൾ!

മനസ്സിലീ ചിന്തകളുടെ വിത്തിട്ടത് ഒരു അമ്മയാണ്.. ഐഡിയ സ്റ്റാർ സിങ്ങർ വേദിയിൽ രണ്ടാമത്തെ ഗാനമാലപിച്ച് , സുകേഷ് കുട്ടൻ. മകനരികിൽ നിന്ന് കരച്ചിലടക്കാൻ പാടുപെടുന്ന അവന്റെയമ്മ. ആ ഓരോ തുള്ളി കണ്ണീരിലും സങ്കടങ്ങളുടെ കടലാഴങ്ങൾ. വർഷങ്ങളായി ജീവിതത്തോട് പൊരുതി നേടിയെടുത്ത ആത്മവിശ്വാസത്തിന്റെ പെരുമഴകൾ..

ഏഷ്യാനെറ്റിന്റെ ഐഡിയ സ്റ്റാർ സിങ്ങർ വേദി. പാടാനിത്തവണയെത്തിയവരുടെ കൂട്ടത്തിൽ സുകേഷ് കുട്ടനും. ഓട്ടിസ്റ്റിക് ആയിട്ടുള്ള സുകേഷ്. നമുക്ക് തികച്ചും അപരിചിതമായ അവന്റെ മനസ്സിനുള്ളിലെ ലോകത്ത് നിറയെ സംഗീതം മാത്രമാവാം. വേദിയിൽ അവൻ മറ്റുള്ളവരെ പോലെ മത്സരിക്കുകയല്ല.അവൻ പാടുകയാണ്. അവൻ പോലുമറിയാതെ അവന്റെയുള്ള് നമുക്കു വേണ്ടിയിത്തിരി തുറന്നുകാട്ടുകയാണ്. വന്യമായ പാറയിടുക്കുകളിലൂടെ ഒഴുകിയിറങ്ങിവരുന്ന നീർച്ചാലു പോലെ  ഒഴുകിവീഴുന്ന സംഗീതം.ആദ്യമായി അതു കേട്ടപ്പോൾ, എന്തോ മനസ്സു കരഞ്ഞു..എനിക്കുമറിയാം കുറച്ച് കുട്ടികളെ. അടച്ചുപൂട്ടപ്പെട്ട സ്വന്തം മനസ്സുകൾക്കുള്ളിൽ  പെട്ടുപോയവരെ.ദുർഗ്രഹമായ ആ അവസ്ഥയോട് പൊരുതിക്കൊണ്ടിരിക്കുന്ന കുറേ അമ്മമാരെ. അവരെയോർത്തിട്ടാവാം സുകേഷിന്റെ അരികിൽ നനഞ്ഞ കണ്ണുകളുമായി നിന്ന ആ യഥർത്ഥ മത്സരാർഥിയുടെ, അവന്റെ അമ്മയുടെ മനസ്സറിഞ്ഞ് എന്റെ കണ്ണുകളും നിറഞ്ഞത്. ആ ഒരൊറ്റ പാട്ട് തന്നെ അവർക്ക് നൽകുന്നത് ഒരു മഹാവിജയത്തിന്റെ പൊൻ തൂവലാണ്.
ഫേസ് ബുക്കിൽ പിറ്റേന്ന് ഒരു സുഹൃത്ത് എഴുതിക്കണ്ടു, ഏഷ്യാനെറ്റിന്റെ കച്ചവടതന്ത്രങ്ങളിൽ ഇരയായിപ്പോയ സുകേഷിനെ പറ്റി. ശരിയാവാം. പക്ഷെ ആ അമ്മയിലേക്കിറങ്ങി ഇത്തിരി നേരമിരിക്കാനായാൽ നമുക്ക് മറ്റൊന്നും മറിച്ച് ചിന്തിക്കാനാവില്ല. അവതാരകരുടെ അരോചകമായ വാചകക്കസർത്തുകൾ കൊണ്ടുള്ള വിവരണങ്ങളൊന്നും നമ്മിലേക്കെത്തില്ല..

മനസ്സിലേക്കെത്തിയത്, മറ്റൊരമ്മയുടെ മുഖമാണ്.മുമ്പ് കണ്ടൊരു കൊറിയൻ സിനിമ.മാരത്തോൺ.
 അതുമൊരമ്മയുടെ കഥയാണ്. മകന്റെ മനസ്സിന്റെ അടഞ്ഞവാതിൽ തുറക്കാൻ ശ്രമിക്കുന്ന ഒരമ്മ. അതിനായി സ്വന്തം ജീവിതം തന്നെ ഒരു വശത്തേക്ക് നീക്കിവെച്ച് പല വഴികളിലൂടെയുള്ള നിരന്തരമായ പ്രയാണങ്ങൾ! ചൊവ്- വോൺ എന്ന മകൻ ഓട്ടിസമുള്ള കുട്ടിയാണ്..അവനു വാക്കുകൾ വെറും അക്ഷരങ്ങളും ശബ്ദങ്ങളും മാത്രമാണ്. വാക്കുകൾ പറയാനുള്ളവ മാത്രം. അതിന്റെ അർത്ഥതലങ്ങളിലേക്ക് അവനെത്താനാവുന്നില്ല. അവന്റെ മനസ്സു തുറന്നു കാട്ടാൻ ആ വാക്കുകൾക്കാവുന്നില്ല. എങ്കിലും താൻ കേൾക്കാനിഷ്ടപ്പെടുന്ന ഉത്തരങ്ങൾ മകനെ പറഞ്ഞുപഠിപ്പിക്കുന്ന ആ അമ്മ.
പിന്നീടെപ്പോഴൊ അവന്റെ കായികബലമാണ് അവനിലെ ശക്തിയെന്ന് മനസ്സിലാക്കിയ അവരവനെ കഠിനമായ കായികപരിശീലനങ്ങളിലേക്ക് തള്ളിവിടുകയാണ്. അവനെപ്പോലെയുള്ള മറ്റു കുട്ടികളെ പോലെ ചെറിയ കൈത്തൊഴിലുകൾ പരിശീലിപ്പിക്കുന്നതിലേക്ക് പറഞ്ഞയക്കാൻ അവർക്ക് മനസ്സുവരുന്നില്ല. അവനെ ഒരു മുഴുനീളമാരത്തോൺ ഓടിക്കുകയെന്നതാണ് അവരുടെ ലക്ഷ്യമെന്ന് ,അവന്റെ തന്നെ ലക്ഷ്യമെന്ന് അവരവനെ പറഞ്ഞുപറഞ്ഞ് പഠിപ്പിക്കുന്നുണ്ട്. മനസ്സുകൊണ്ട് അമ്മയാണ് മത്സരത്തിനു തയ്യാറെടുക്കുന്നത്.മകനുവേണ്ടി ചിന്തകളുടെ വലകൾ നെയ്യുന്നതമ്മയാണ്.ആ വലക്കണ്ണികളിൽ പെടുമ്പോൾ അവരുമവന്റെ പോലെ എല്ലാത്തിൽ നിന്നുമൊറ്റപ്പെടുന്ന ഒരു മാനസികാവസ്ഥയിലേക്ക് വഴുതിവീഴുന്നുണ്ടാവണം. അവന്റെ താങ്ങാവുന്നതിനപ്പുറമുള്ള കഠിനപരിശീലനങ്ങളിലൂടെ അമ്മ തന്നെത്തന്നെ സ്വയം പീഢിപ്പിക്കുകയാണ്..മകന്റെ ഇങ്ങനെയൊരവസ്ഥക്ക് ആകെയൊരു കാരണം താൻ മാത്രമാണെന്നുള്ള ഒരു വല്ലാത്ത കുറ്റബോധം ഇങ്ങനെയുള്ള ഓരോ അമ്മമാരുടെയും മനസ്സിൽ ഭീതിദമായ ഇരുട്ട് നിറച്ചിടുന്നുണ്ടാവണം. അതിൽ നിന്ന് എങ്ങനെയെങ്കിലും  പുറത്തുകടക്കാനുള്ള വ്യത്യസ്ഥമായ വഴികൾ തേടൽ മാത്രമായി അവരുടെ ജീവിതങ്ങൾ അവരെയും കൊണ്ട് പല വാതിലുകൾ മുട്ടി വിളിക്കുന്നുണ്ടാവണം.
പറഞ്ഞറിയിക്കാനാവില്ലെങ്കിലും പലതും ചൊ-വോണിന്റെ മനസ്സിനെ സ്പർശിക്കുന്നുണ്ടെന്ന് തിരിച്ചറിയുന്ന ദിവസം അവർ തളർന്നുപോകുന്നു. തന്നേക്കാളൊരു ദിവസമെങ്കിലും മുന്നേ മകൻ മരിച്ചുകാണണമെന്നഗ്രഹിക്കുന്ന അവർക്ക് അവരെ തന്നെ ന്യായീകരിക്കാനാവുന്നില്ല. അതുവരെ നിർബന്ധപൂർവം അവനെ പിടിച്ചു നടത്തിയിരുന്ന വഴികളിൽ നിന്ന് അവരവനെ മാറ്റി നടത്തിക്കുകയാണ്. മകനെ കുറേക്കൂടി അവനുതന്നെ വിട്ടുകൊടുക്കുകയാണ് എന്ന് സ്വയം വിശ്വസിപ്പിച്ചുകൊണ്ട്.
പക്ഷെ ചൊ-വോൺ അസംതൃപ്തനാണ്. അവനത് പറഞ്ഞറിയിക്കാനാവില്ലെങ്കിലും..പിന്നെ അസ്വസ്ഥതയുടെ വീർപ്പുമുട്ടലുകൾക്കിടയിലെപ്പഴോ തന്റെ ശരീരത്തിന്റെ ആഴങ്ങളിലേക്കിറങ്ങി വീണ ചലനങ്ങളുടെ താളം അവൻ സ്വയം തിരിച്ചറിയുന്നു.   മകന്റെ തിരിച്ചറിവിന്റെ ആ ഒരു നിമിഷം ആ അമ്മയുടെ വിജയത്തിന്റെ നിമിഷമായി മാറുന്നു.വ്യർഥമായി എന്ന് അവർ വിശ്വസിച്ച എത്രയോ നാളുകളിൽ അവൻ ശരീരത്തിലേക്ക് ആത്മവിശ്വാസത്തിന്റെയും ദൃഢനിശ്ചയത്തിന്റെയും തുടിപ്പുകളും ചലനങ്ങളും ആവാഹിച്ചെടുക്കുകയായിരുന്നിരിക്കണം. അതു മാത്രമാണ് ഏതൊരമ്മയും കൊതിക്കുന്നതും. പറഞ്ഞുപറഞ്ഞു പഠിപ്പിച്ച പോലെ അവൻ മാരത്തോൺ ഓടി വിജയിയാകുക തന്നെ ചെയ്യുന്നുണ്ട്..അനേകം വിജയങ്ങളുടെ തുടക്കം കുറിച്ചുകൊണ്ട്. ഓട്ടിസക്കാരനായ കൊറിയൻ മാരത്തോൺ ഓട്ടക്കാരൻ ബെയ്- ഹൈജിന്റെ ജീവിതം തന്നെയാണ് സിനിമക്കാധാരം.

സംഗീതം വെളിച്ചമായി മനസ്സിൽ നിറഞ്ഞ ഒരു നിമിഷം സുകേഷ് കുട്ടന്റെ ജീവിതത്തിലുമുണ്ടായിട്ടുണ്ടാകും.അതിനും എത്രയോ മുമ്പേ തന്നെ ആ അമ്മ അവനെ സംഗീതത്തിന്റെ ലോകത്തേക്ക് കൈപിടിച്ച് നിർബന്ധിച്ചു തന്നെ നടത്തിക്കൊണ്ടുപോയിരിക്കണം.


വേറിട്ട വഴിയിലൂടെ നടക്കാൻ ആത്മധൈര്യവും നിശ്ചയദാർഢ്യവും കാട്ടിയ ഈ അമ്മയുടെ മനസ്സിലും പ്രത്യാശയുടെ വെളിച്ചം നിറഞ്ഞൊഴുകട്ടെ.പാവം ആ അമ്മ മത്സരിക്കട്ടെ..മകനിലൂടെ അവരുമിത്തിരി വിജയങ്ങളുടെ മധുരമറിയട്ടെ. അടഞ്ഞ മനസ്സുകളിലേക്ക് വഴി തുറക്കാൻ പാടുപെടുന്ന ഒരുപാടമ്മമാർക്കത് ആത്മവിശ്വാസത്തിന്റെ കരുത്താവട്ടെ.


No comments:

Post a Comment