Friday 10 June 2011

ഇത്തിരിനേരം കൊണ്ടൊരുപ്പുമാവ്.

വീണ്ടും ഇത്തിരിനേരം പാചകവിശേഷം...ഇത്തിരി ഉപ്പുമാവ് വിശേഷം!!


കണ്ണൻ കുഞ്ഞായിരുന്നപ്പോഴൊരു ഹൈദ്രബാദിക്കാരി ആന്റിയുണ്ടായിരുന്നു വീട്ടുജോലികളിൽ സഹായത്തിനു. അവർക്ക് പാചകം വലിയ ഹരവും..കുറച്ചുകാലമെ ഉണ്ടായിരുന്നുള്ളുവെങ്കിലും നല്ല തീറ്റഭാഗ്യമുള്ള കാലമായിരുന്നു അത്. എ|ണ്ണയും നെയ്യുമൊക്കെ എല്ലാത്തിലും സുലഭമായി ചേർത്തിട്ടായിരുന്നു പാചകമെന്നതിനാൽ കാണുന്നവർക്കൊക്കെ ഭക്ഷണം കാര്യമായി കഴിക്കുന്നുണ്ട് എന്ന്  പെട്ടെന്ന് മനസ്സിലാവുകയും ചെയ്യുമായിരുന്നു അന്ന്.
അന്ന് സ്വാദുള്ള വിഭവങ്ങൾ തിന്നാനുള്ള ഉത്സാഹമൊന്നും അതെങ്ങനെ ഉണ്ടാക്കുന്നു എന്നറിയാൻ ഞാൻ കാണിച്ചിട്ടില്ല. നമുക്ക് അപ്പം തിന്നാൽ മതിയല്ലൊ.
ഉപ്പുമാവിലേക്ക് വരാം.ഉരുളക്കിഴങ്ങ് ചേർത്ത് കുറെ നെയ്യൊക്കെ ചേർത്ത് അവരുണ്ടാക്കുന്ന ഉപ്പുമാവിന് ഒരു സ്പെഷൽ രുചിയായിരുന്നു.പിന്നീട് കണ്ണൻ വലുതായി , അവന്റെ ഭക്ഷണപ്പൊതിക്ക് വൈവിധ്യം വരുത്തുന്നതിന്റെ ഭാഗമായിട്ടാണ്, ഞാൻ  പണ്ടത്തെ സ്പെഷൽ ഉപ്പുമാവിനെ പച്ചക്കറിവൽക്കരണം നടത്തി, ഈ ത്രിവർണ്ണ ഉപ്പുമാവാക്കിയത്.

വേണ്ട സാധനങ്ങൾ
ഒരു ഉരുളക്കിഴങ്ങ്., ഒരു വലിയ ക്യാരറ്റ്, ഒരു കാപ്സിക്കം, [അഞ്ചാറ് ബീൻസ്.ക്യാബേജ്,ചീരയില ഒക്കെ ഉണ്ടെങ്കിൽ കുറെശ്ശെ ചേർക്കാം.] വേവിച്ച പച്ചപ്പട്ടാണി.
പിന്നെ പകുതി സബോള.[ചെറിയ കഷ്ണങ്ങളായി അരിയണം]  മൂന്ന് പച്ചമുളക്[കീറിയത്], കുറച്ച് ഇഞ്ചിയരിഞ്ഞത്, വേപ്പില, കടുക്, പൊട്ട്കടല, കുറച്ച് ഉഴുന്നുപരിപ്പ്[ഒരു റ്റേബിൾ സ്പൂൺ മതി]. ഇത്തിരി കുരുമുളക് പൊടി[ഉരുളക്കിഴങ്ങ് വേവിക്കുമ്പോൾ ചേർക്കാൻ].
ചൂടുവെള്ളം,.
ഉപ്പ്, എണ്ണ ഒക്കെ ആവശ്യത്തിന്.
ഇനി പ്രധാനപെട്ട കാര്യം..നല്ല തരിതരിയായ റവ -ഒരു കപ്പ്.
ആദ്യം ക്യാരറ്റും കാപ്സിക്കവും ഉരുളക്കിഴങ്ങും  ഒരേ വലിപ്പത്തിലുള്ള കഷ്ണങ്ങളാക്കി അരിയുക.


ഉരുളക്കിഴങ്ങ് കുറച്ച് ഉപ്പും ഇത്തിരി കുരുമുളക് പൊടിയും ഇട്ട് വേവിക്കാൻ വെക്കുക.
മറ്റൊരു അടുപ്പിൽ ചുവടു കട്ടിയുള്ള പാത്രം വെച്ച് ആവശ്യത്തിനു എണ്ണയൊഴിക്കുക. എണ്ണ ചൂടാകുമ്പോൾ അതിൽ കടുകിട്ട് പൊട്ടിക്കുക, അതിലേക്ക് ഉഴുന്ന് പരിപ്പ് ഇടണം.ഒന്നു മൂക്കുമ്പോൾ അതിലേക്ക് പൊട്ട് കടല ചേർക്കുക.ഒന്ന് വഴറ്റിയിട്ട്,അതിലേക്ക് സബോള അരിഞ്ഞത്, ഇഞ്ചി അരിഞ്ഞത്, പച്ചമുളക് കീറിയത് ഒക്കെ ചേർക്കുക.നന്നായി വഴറ്റി അതിലേക്ക് റവ യും വേപ്പിലയും ഇട്ട്  നന്നായി വറക്കണം. റവയിലേക്ക് ഉപ്പും ചേർക്കണം.ഉപ്പ് കൂടിപ്പോയാൽ പിന്നെ സംഭവം സാക്ഷാൽ ‘ഉപ്പ്’ മാവായിപ്പോകും.
അപ്പോഴേക്കും വേവിക്കാൻ വെച്ചിട്ടുള്ള ഉരുളക്കിഴങ്ങ് വെന്തിരിക്കും.അതിലേക്ക് ബാക്കിയുള്ള പച്ചക്കറിക്കറികളും ഗ്രീൻ പീസും ചേറ്ത്ത്  ഒന്നിളക്കി ഒരു മിനിറ്റിനു ശേഷം അടുപ്പ് ഓഫാക്കണം.

റവ നല്ലവണ്ണം വറവായാൽ അതിലേക്ക് വേവിച്ച പച്ചക്കറികൾ ചേർക്കുക. നന്നായി ഇളക്കി യോചിപ്പിച്ച ശേഷം രണ്ട് കപ്പ് ചൂട് വെള്ളം ഒഴിക്കുക. കട്ട കെട്ടാതെ ഇളക്കി യോചിപ്പിക്കുക. അൽ‌പ്പം നെയ്യോ ബട്ടറോ ചേർക്കാം

 അങ്ങനെ  നമ്മുടെ പോഷകസമ്പുഷ്ടവും സ്വാദിഷ്ടവുമായ ഉപ്പുമാവ് റെഡി. ഇനി സമയം കളയാതെ ചൂടോടെ വേഗം കഴിച്ചോളു.!!
ഇഷ്ടപ്പെടും..ഉറപ്പ്!!

No comments:

Post a Comment